വ്യാജവാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ ദേശാഭിമാനി പിരിച്ചുവിടണം: വിഡി സതീശൻ
സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ദേശാഭിമാനി വ്യാജ രേഖ ചമച്ചെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സിപിഎമ്മിനും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിയമപരമായ നടപടികൾക്ക് പാർട്ടി അൻസിൽ ജലീലിന് പിന്തുണ നൽകും.
സംഭവത്തിൽ ദേശാഭിമാനിയും സിപിഎമ്മും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജവാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ ദേശാഭിമാനി പിരിച്ചു വിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അൻസിൽ ജലീലിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു .
തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. അൻസിൽ ജലീലിനെതിരെയുള്ള ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകാലശാലയ്ക്ക് പരാതി കിട്ടിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അൻസിലിനെതിരെയുള്ള പൊലീസ് അന്വേഷണം.