അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ ഉറവിടം വെളിപ്പെടുത്തണം: ഡല്‍ഹി കോടതി

single-img
19 January 2023

അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തകര്‍ വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണം എന്ന് ഡല്‍ഹി കോടതി. വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമപരമായ ഇളവുകളില്ലെന്നും കോടതി പറഞ്ഞു. യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിനും കുടുംബത്തിനുമെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ വാര്‍ത്തയായത് സംബന്ധിച്ച് സിബിഐ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ ഉറവിടം വെളിപ്പെടുത്തിയില്ല എന്നതിന്റെ പേരില്‍ മാത്രം അന്വേഷണം അവസാനിപ്പിക്കാന്‍ പാടില്ല. വാര്‍ത്തയുടെ ഉറവിടം അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്താതിരിക്കാന്‍ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമ പരിരക്ഷയില്ല. ഒരു ക്രിമിനല്‍ കേസിന്റെ അന്വേഷണത്തിന് സഹായമാകുംവിധം വാര്‍ത്താ ഉറവിടം വെളിപ്പെടുത്തല്‍ അനിവാര്യമാണെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെടാം- ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അഞ്ജനി മഹാജന്‍ നിരീക്ഷിച്ചു.

മുലായത്തിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ 2007ല്‍ സുപ്രീംകോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് നടന്ന അന്വേഷണത്തിനൊടുവില്‍ 2009 ഫെബ്രുവരി ഒന്‍പതിന് സുപ്രീംകോടതിയില്‍ വാദം കേള്‍ക്കാനിരിക്കെ, സിബിഐ സമര്‍പ്പിച്ച രഹസ്യ രേഖകള്‍ സംബന്ധിച്ച് ചില പത്രങ്ങളും ചാനലുകളും വാര്‍ത്ത പുറത്തുവിട്ടു. മുലായത്തെ കേസില്‍ കുടുക്കിയതാണെന്ന വാദം സിബിഐ സമ്മതിച്ചേക്കും, പൊതു താത്പര്യ ഹര്‍ജി സിബിഐ പരിഗണിച്ചില്ല എന്നിങ്ങനെയായിരുന്നു വാദം കേള്‍ക്കുന്നതിന്റെ തൊട്ടുതലേന്ന് പുറത്തുവന്ന വാര്‍ത്തകളുടെ ഉള്ളടക്കം. ടൈംസ് ഓഫ് ഇന്ത്യ, സ്റ്റാര്‍ ന്യൂസ്, സിഎന്‍എന്‍-ഐബിഎന്‍ എന്നിവരാണ് വാര്‍ത്ത പുറത്തുവിട്ടത്.