അമാനുഷിക ശക്തി ഉള്ളതായി കാണിക്കാൻ ഹോസ്റ്റലിലെ നാലാംനിലയിൽ നിന്ന് താഴേക്ക് ചാടി; എൻജിനീയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് സുഹൃത്തുക്കളെ കാണിക്കാൻ കോളേജ് ഹോസ്റ്റലിലെ നാലാംനിലയിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട്ടിൽ കോയമ്പത്തൂരിന് സമീപമുള്ള സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം.
ആർട്ടിഫിഷൽ എൻജിനീയറിംഗിലെ മൂന്നാംവർഷ വിദ്യാർത്ഥിയായ പ്രഭു എന്ന പത്തൊമ്പതുകാരനാണ് പരിക്കേറ്റത്. ഇയാളുടെ കൈകാലുകൾ ഒടിഞ്ഞുതൂങ്ങുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നിലവിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാൾ കൂട്ടുകാരോട് ഇടയ്ക്കിടെ പറഞ്ഞിരുന്നു. എത്ര ഉയരമുളള കെട്ടിടത്തിൽ നിന്നും സുരക്ഷിതമായി ചാടാൻ തനിക്കുകഴിയുന്നതിനൊപ്പം മറ്റുചില കാര്യങ്ങൾക്കുകൂടി കഴിവുണ്ടെന്നുമാണ് ഇയാൾ കൂട്ടുകാരോട് വീമ്പിളക്കിയത്.
എന്നാൽ ഈ കാര്യത്തിൽ സംശയം പ്രകടിപ്പിച്ച കൂട്ടുകാരെ കാണിക്കുന്നതിനുവേണ്ടിയാണ് പ്രഭു ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയത്. ഇയാൾ താഴേക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാന്റും നീല ടീഷർട്ടും ധരിച്ച പ്രഭു മുറിയിൽ നിന്ന് ഓടിയിറങ്ങി കെട്ടിടത്തിൽ നിന്ന് താഴേക്കുചാടുന്നതാണ് ദൃശ്യങ്ങളിലുളളത്.
പറഞ്ഞതുപോലെ തന്നെ ഇയാൾ ചാടുന്നത് കണ്ട് മറ്റുരണ്ടുവിദ്യാർത്ഥികൾ അമ്പരന്ന് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റുവിദ്യാർത്ഥികളും ഹോസ്റ്റൽ നടത്തിപ്പുകാരും ചേർന്നാണ് പ്രഭുവിനെ ആശുപത്രിയിൽ എത്തിച്ചത്. തനിക്ക് മഹാശക്തിയുണ്ടെന്ന് പ്രഭു തങ്ങളോട് ഇടയ്ക്കിടെ പറഞ്ഞിരുന്നുവെന്ന് കൂട്ടുകാരിൽ ചിലർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയിൽ താൻ മന്ത്രവാദത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്നും പ്രഭു പറഞ്ഞിരുന്നതായി കൂട്ടുകാർ പറയുന്നു. ഇയാൾ നിലവിൽ അപകടനില തരണംചെയ്‌തോ എന്ന് വ്യക്തമല്ല.