ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് ചുമതലയേറ്റു
ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (യു യു ലളിത്), 64 ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്.
ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകൻ ആയിരുന്നു ജസ്റ്റിസ് യു യു ലളിത്. ജഡ്ജിയായിരിക്കെ മുത്തലാഖ്, ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിൻറെ ബഞ്ചിൽ നിന്നുണ്ടായി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതും ജസ്റ്റിസ് ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ്. മുഖ്യമന്ത്രി പിണറായി വിജയന് നിർണ്ണായകമായ ലാവലിൻ കേസ് നിലവിലുള്ളത് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിന് മുന്നിലാണ്.
ജസ്റ്റിസ് എൻ വി രമണ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിസ് യു യു ലളിത് ചുതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധനക്കർ, മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.