കടത്തിൽ നിന്നു കര കയറാന്‍ യാത്രക്കാര്‍ മറന്നുവെച്ച പൊന്നും വെള്ളിയും വില്‍ക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി
കടക്കെണിയിലായ ആനവണ്ടിയെ കരകയറ്റാന്‍, യാത്രക്കാര്‍ മറന്നുവെച്ച പൊന്നും വെള്ളിയും വില്‍ക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി.
2012 ഒക്ടോബര്‍ മുതല്‍ 2022 ആഗസ്റ്റ് വരെ സംസ്ഥാനത്തുടനീളമുള്ള ബസുകളില്‍നിന്നും ബസ് സ്റ്റാന്‍ഡുകളില്‍നിന്നും ഡിപ്പോകളില്‍നിന്നും കളഞ്ഞുകിട്ടിയ 338 പവന് സ്വര്‍ണാഭരണങ്ങളും 1942.109 ഗ്രാം വെള്ളിയുമാണ് ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ഏകദേശം 1.25 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് 10 വര്‍ഷത്തിനിടെ യാത്രക്കാര്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ കളഞ്ഞത്.
ഉടമസ്ഥനും അവകാശികളുമെത്താതെ ഏറെക്കാലമായി ഇവ ലോക്കറില്‍ ഭദ്രമായിരുന്നു. നേരത്തെ 2016ല്‍ ആഭരണങ്ങള്‍ ലേലം ചെയ്തപ്പോള്‍ 70 ലക്ഷത്തോളവും 2007ല്‍ 6.45 ലക്ഷവും കോര്പറേഷന് ലഭിച്ചിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ആക്ടും ഹാന്‍ഡ് ബുക്ക് ഓഫ് കൊമേഴ്സ്യല്‍ അക്കൗണ്ട്സ് പാര്‍ട്ട് ഒന്നും പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചാണ് ലേലം നടത്തുക. ബസുകളില്‍ കളഞ്ഞുലഭിക്കുന്ന ആഭരണങ്ങള്‍ കണ്ടക്ടര്‍മാര്‍ ഡിപ്പോയില്‍ ഏല്പിക്കുകയാണ് പതിവ്. ഉടമസ്ഥനെയും കാത്ത് ഒരുമാസം ഇവ ഡിപ്പോയില്‍ ഉണ്ടാവും. യഥാര്‍ഥ ഉടമ തെളിവുകളും യാത്രാടിക്കറ്റും സഹിതം വന്നാല്‍ ആഭരണങ്ങള്‍ തിരിച്ചുനല്‍കും.
200 രൂപ ബോണ്ടും ആഭരണമൂല്യത്തിന്റെ 10 ശതമാനം സ്റ്റോറേജ് ഫീസും നല്‍കണം. ഉടമസ്ഥനില്ലാത്ത സ്വര്‍ണവും വെള്ളിയും തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഭവനിലെത്തിച്ച് ലോക്കറില്‍ സൂക്ഷിക്കും. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ ഡിപ്പോ പരിധിയില്‍നിന്നും സംസ്ഥാനത്തിനുപുറത്ത് സര്‍വിസ് നടത്തുന്ന ബസുകളില്‍നിന്നും ലഭിച്ച ആഭരണങ്ങളാണ് ലേലം ചെയ്യുന്നത്.
കെ.എസ്.ആര്.ടി.സിയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ 2019ല്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കെടുപ്പ് നടത്തിയെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന് ലേലം നടന്നില്ല. സെപ്റ്റംബര്‍ 30ന് തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഭവനിലാണ് ലേലം. സ്വര്‍ണത്തിനും വെള്ളിക്കും പുറമെ മൊബൈല്‍ഫോണ്‍, ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും വസ്ത്രങ്ങള്‍, കുട, പഴ്സ് തുടങ്ങിയവയും മൂന്നുമാസത്തിലൊരിക്കല്‍ ഡിപ്പോ പരിസരത്ത് തന്നെ ലേലം ചെയ്യുകയാണ് പതിവ്. 2016ല്‍ 312 പവന് ആഭരണമാണ് ലേലം ചെയ്തത്. കെ.എസ്.ആര്.ടി.സിക്ക് സംസ്ഥാനത്തുടനീളം ആറായിരത്തോളം സര്‍വിസുകളുണ്ട്.