ശശി തരൂര്‍ കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടെന്ന് കെ മുരളീധരന്‍ എംപി;വിവാദമായതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കി

single-img
5 December 2022

തിരുവനന്തപുരം: ശശി തരൂര്‍ കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടെന്ന് കെ മുരളീധരന്‍ എംപി. തരൂര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം പാര്‍ട്ടിക്ക് ഗുണകരമാണ്.

അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടതില്ല. തരൂരുമായി ബന്ധപ്പെട്ട ചില പ്രതികരണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും കെ മുരളീധരന്‍ പറഞ്ഞു.

തരൂര്‍ വിഷയം കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ചയാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോട്ടയം ഡിസിസിയുടെ പേരില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്തു വന്നിരുന്നു.

സോണിയാഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായിട്ട്, പാര്‍ലമെന്റ് സീറ്റ് മേടിച്ച്‌ വിമാനത്തില്‍ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷെന്ന് പോസ്റ്റില്‍ പറയുന്നു.

കെഎസ് യു ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ പാര്‍ട്ടിയുടെ പല മേഖലയിലും പ്രവര്‍ത്തിച്ചാണ് നാട്ടകം സുരേഷ് ഡിസിസി പ്രസിഡന്റ് ആയത്. ഒരു ദിവസം പുലര്‍ന്നപ്പോള്‍ കുപ്പായവും തയ്ച്ചു കോണ്‍ഗ്രസുകാരനായതല്ലെന്നും പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി തരൂര്‍ അനുകൂലികള്‍ രംഗത്തെത്തി. വിവാദമായതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ആദ്യഭാഗം എഡിറ്റ് ചെയ്തു നീക്കി. ഡിസിസിയുടെ ഔദ്യോഗിക പേജിലല്ല പോസ്റ്റ് വന്നതെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.