പഴയ ശക്തി കോണ്‍ഗ്രസിനില്ല; ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കെ മുരളീധരന്‍
താന്‍ ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല എന്ന തീരുമാനവുമായി കെ മുരളീധരന്‍ എം പി. ഒരു ചാനലിന് ഇന്ന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്ന കാര്യം കെ മുരളീധരന്‍ അറിയിച്ചത്.കോണ്‍ഗ്രസിനുള്ളില്‍ തുറന്ന ചര്‍ച്ച അനിവാര്യമാണെന്നും പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ കലാപമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. കാലാകാലങ്ങളില്‍ മുന്നണിയിൽ നിന്നും വിട്ടുപോയ പാര്‍ട്ടികളെ യു ഡി എഫിലേക്ക് കൊണ്ടുവന്നാലേ നിയമസഭ തിരഞ്ഞെടുപ്പില്‍ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയൂ. പഴയ ശക്തി കോണ്‍ഗ്രസിനില്ല, എന്നാല്‍ ഇന്ത്യയില്‍ ചലനങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂ. അതിനാൽ എല്ലാ മതേതര പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തില്‍ നിന്നും പ്രശസ്തനായ ഒരു കോണ്‍ഗ്രസ് നേതാവ് ബി ജെ പിയില്‍ പോകുമെന്ന പിണറായി വിജയന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് ചോദിക്കണമെന്നും മുരളീധരൻ പറഞ്ഞു. കാരണം മോദിയും ഷായുമായുമൊക്കെ ബന്ധമുളളത് അദ്ദേഹത്തിനാണെന്നും മുരളീധരന്‍ ആരോപിക്കുന്നു.