കെ മുരളീധരൻ കരുണാകരന്റെ മകനാണ്; അദ്ദേഹം ഒറ്റുകൊടുക്കാത്തയാളാണ്: ഷാഫി പറമ്പിൽ
കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ ചന്ദനക്കുറി തൊടാൻ പോലും ഭയമായിരുന്നു എന്ന പത്മജ വേണുഗോപാലിന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി വടകര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ എംഎൽഎ. എല്ലാ ഒന്നാം തീയതിയും ഗുരുവായൂർ കണ്ണനെ തൊഴാൻ പോയ കരുണാകരന്റെ മകൾ ഇങ്ങനെ പറയരുതായിരുന്നു എന്ന് ഷാഫി പറഞ്ഞു.
‘‘കെ. മുരളീധരന് പത്മജയുടെ സർട്ടിഫിക്കറ്റ് വേണ്ട. അവർ സുരേന്ദ്രന് സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകട്ടെ. മുരളീധരൻ കരുണാകരന്റെ മകനാണ്. അദ്ദേഹം ഒറ്റുകൊടുക്കാത്തയാളാണ്.’’– ഷാഫി പറഞ്ഞു. ‘‘അച്ഛൻ ജയിലിൽ കിടക്കുമ്പോൾ പച്ചിലകളും കായ്കളും കൊണ്ട് നിറംകൊടുത്ത ആ മൂവർണത്തിനെതിരെ ഇങ്ങനെയൊരു വൃത്തികേട് അവർ പറയാൻ പാടില്ലായിരുന്നു. കരുണാകരന്റെ ലെഗസിയോട് ഇത്രയും വലിയ വഞ്ചന അവർ ചെയ്യാൻ പാടില്ല.
എനിക്ക് എന്തെങ്കിലുമൊക്കെ പദവി വേണം അതുകൊണ്ട് ഞാൻ അവിടേക്കു പോകട്ടെ എന്നു പറഞ്ഞ് പോകാമായിരുന്നു. പക്ഷേ, കോൺഗ്രസിനെ ആശയപരമായി ചോദ്യം ചെയ്യരുത്. വടകരയിൽ ചെല്ലുമ്പോൾ ആളുകൾ പറയുന്നത് ആ പത്മജയ്ക്കുള്ള പണി ഞങ്ങൾ കൊടുക്കുന്നുണ്ട് എന്നാണ്. അവിടെ ചെല്ലുമ്പോൾ അവർ പറയുന്നത് ഈ വോട്ട് നിങ്ങൾക്കുള്ളതും മുരളിയേട്ടനുള്ളതും കൂടിയാണെന്നാണ്.
ആറ് തവണ കോൺഗ്രസ് ജയിച്ച സീറ്റാണ് പാർട്ടി അവരെ ഏൽപ്പിച്ചത്. തോറ്റുകിടക്കുന്ന സിപിഎം സീറ്റിലാണ് എന്നെ കൊണ്ടുവന്നിട്ടത്. പരിഗണനയുടെ കാര്യം പറഞ്ഞ് പോകാന്‍ കഴിയുന്ന പാർട്ടിയാണോ ബിജെപി? കോൺഗ്രസും ബിജെപിയും തമ്മിൽ അവർ കാണുന്ന വ്യത്യാസം പരിഗണനയുടേതായിരിക്കും. ഞങ്ങൾക്കത് ആശയങ്ങളുടെതാണ്.
ഒടയതമ്പുരാൻ വന്നു പറഞ്ഞാലും കോൺഗ്രസ് ആശയങ്ങൾ വിശ്വസിക്കുന്ന ആളുകൾക്കു വീഴാൻ കഴിയുന്ന കുഴിയല്ല ആ കുഴി എന്നത് പത്മജ മനസ്സിലാക്കിയിട്ടില്ല. ആയിരം തവണ അവസരം നിഷേധിക്കപ്പെട്ട കോൺഗ്രസുകാരനും കോൺഗ്രസ് വികാരമുണ്ടെങ്കിൽ ബിജെപിയിലേക്കു പോകില്ല. പോകുന്നവര്‍ അവസരവാദികളാണ്.’’– ഷാഫി വ്യക്തമാക്കി.