ജനവാസ മേഖലകൾ ഒഴിവാക്കണം; ബഫർ സോൺ വിഷയം ലോക്സഭയിൽ ഉന്നയിച്ച് കെ മുരളീധരൻ
കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറിയ ബഫർ സോൺ വിഷയം കെ മുരളീധരൻ എം പി ലോക്സഭയിൽ ഉന്നയിച്ചു. സോണിൽ ഉൾപ്പെടുന്ന പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കുമ്പോൾ ജനവാസ മേഖലകൾ ഒഴിവാക്കണമെന്നും ഫീൽഡ് സർവേ നടത്തണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
നിലവിൽ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൻമെന്റ് സെന്റർ നടത്തിയ ഉപഗ്രഹ സർവ്വേയിലെ വ്യക്തത ഇല്ലായ്മ പരിഹരിക്കാൻ ഫീൽഡ് സർവ്വേ നടത്തണമെന്നും, ചട്ടം 377 അനുസരിച്ചുള്ള ഉപക്ഷേപം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.
കോഴിക്കോട്ടെ വടകര ലോക് സഭ മണ്ഡലത്തിൽ ചക്കിട്ടപ്പാറ, മരുതോങ്കര, ചങ്ങാരോത്ത്, കൂത്തളി പ്രദേശങ്ങൾ മലബാർ സംരക്ഷിത വനത്തിന്റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. തികച്ചും അശാസ്ത്രീയമായ ബഫർ സോൺ നിർണ്ണയത്തിൽ ഈ മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്. അതു കൊണ്ട് ജനങ്ങളുടെ ആശങ്ക നീക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.