‘മാധ്യമവിലക്ക്’ പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണർക്ക്: കെ സുധാകരൻ

single-img
7 November 2022

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടു ത്തിയ ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത്. വർണറുടെ നടപടി ഭരണഘടനാ ലംഘനമാണ്. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. മാധ്യമങ്ങളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്നത് ഗവർണർ പദവിയുടെ അന്തസിന് ചേര്‍ന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്. മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ട് തളയ്ക്കാനാണ് മുഖ്യമന്ത്രിയും ഗവര്‍ണറും ശ്രമിക്കുന്നത്. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ആക്രോശിച്ചതിലൂടെ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഒരേ മുഖമാണെന്ന് വ്യക്തമായി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഫാസിസ്റ്റ് നടപടി ശക്തമായി എതിര്‍ക്കേണ്ടതാണ്. അസഹിഷ്ണുതയോടെയാണ് ഗവര്‍ണര്‍ പലപ്പോഴും മാധ്യമങ്ങളെ നേരിടുന്നത്. നേരത്തെയും ഗവര്‍ണര്‍ക്ക് താത്പര്യമില്ലാത്ത മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ യശസ് ഉയര്‍ത്തപ്പെടുന്നത് നിഷ്പക്ഷ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമ്പോഴാണെന്നത് ഗവര്‍ണര്‍ വിസ്മരിക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി കേട്ടുകേൾവിയില്ലാത്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. ഇതൊരു ഫാസിസ്റ് രീതിയാണ്. ഈ നീക്കത്തെ പ്രതിരോധിക്കുക തന്നെ സിപിഐഎം ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.