ലോകായുക്തയെ രൂക്ഷ ഭാഷയിൽ വിമർശിച്ചു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

single-img
11 April 2023

ലോകായുക്തയെ രൂക്ഷ ഭാഷയിൽ വിമർശിച്ചു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേസ് ബുധനാഴ്ച പരിഗണിക്കാനിരിക്കെ പരാതിക്കാരനെതിരെ ഇന്നു നടത്തിയ പരാമര്‍ശങ്ങള്‍ ആണ് വിമർശനത്തിന് ആധാരം.

സുപ്രീംകോടതി ജഡ്ജിമാര്‍ക്കു നല്കിയിട്ടുള്ള മാനദണ്ഡപ്രകാരം ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അല്ലാതെയുള്ള ആതിഥ്യവും വിരുന്നും ഒഴിവാക്കണമെന്നിരിക്കേ മുഖ്യമന്ത്രിയുടെ വിരുന്നില്‍ ലോകായുക്ത പങ്കെടുത്തതിനെയാണ് പരാതിക്കാരന്‍ വിമര്‍ശിച്ചത്. മുഖ്യമന്ത്രിക്കെതിരേയുള്ള ദുരിതാശ്വാസ അഴിമതിക്കേസ് ലോകായുക്ത പരിഗണിച്ചുകൊണ്ടിരിക്കുമ്പോള്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ ചീന്തിയെറിഞ്ഞ് വിരുന്നില്‍ പങ്കെടുത്തതിന് എന്തു ന്യായീകരണമാണ് പറയാനുള്ളത്? – കെ സുധാകരൻ ചോദിച്ചു.

ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കുന്ന ഒന്നും പരാതിക്കാരന്‍ ഉന്നയിച്ചിട്ടില്ല. അതൊക്കെ ചെയ്തത് ക്യാപ്റ്റന്റെ വലംകയ്യായ മുന്‍മന്ത്രിയാണ്. അതിനെതിരെ കമാന്നൊരക്ഷരം പോലും ലോകായുക്ത ഉരിയാടിയിട്ടില്ല. പരാതിക്കാരന്‍ ലോകായുക്തയുടെ വിധിയെ വിമര്‍ശിക്കുകയും അതിനെതിരെ ഹര്‍ജി നൽകുകയും അതില്‍ കഴമ്പുള്ളതുകൊണ്ട് ലോകായുക്ത സ്വീകരിക്കുകയുമാണ് ചെയ്തത്. ദുരിതാശ്വാസനിധി അഴിമതിക്കേസ് ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019ല്‍ ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്‍, ജസ്റ്റിസ് എ.കെ.ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഫുൾ ബെഞ്ച് കണ്ടെത്തുകയും മൂന്നുവര്‍ഷം വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തശേഷം അതെല്ലാം കാറ്റില്‍പ്പറത്തി വീണ്ടും ആദ്യം മുതല്‍ തുടങ്ങുമ്പോള്‍ ഈ ലോകായുക്തയില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്ന് ജനങ്ങള്‍ക്കു തോന്നിയാല്‍ എങ്ങനെ കുറ്റംപറയാനാകുമെന്ന് സുധാകരന്‍ പറഞ്ഞു.