പോക്സോ കേസിലെ പരാമർശം; എംവി ഗോവിന്ദൻ മാസ്റ്റർക്കെതിരെ മാനനഷ്‌ട കേസുമായി കെ സുധാകരൻ
പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർക്കെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്ന് എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നൽകിയത്.
എംവി ഗോവിന്ദൻ മാസ്റ്റർ , കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ എതിർ കക്ഷിയാക്കിയാണ് കെ സുധാകരൻ മാനനഷ്ട കേസ് സമർപ്പിച്ചിരിക്കുന്നത്. മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്നായിരുന്നു എംവി ഗോവിന്ദൻ മാസ്റ്റർ നടത്തിയ പ്രതികരണം.
ഇതോടൊപ്പം, മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്നും അദ്ദേഹം ആരോപിച്ചിരുന്നു. താൻ പീഡിപ്പിക്കപ്പെടുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞിരുന്നു.