എകെജി സെന്റർ ആക്രമണം; ഉത്തരവാദിത്വം കോൺഗ്രസിൽ കെട്ടിവച്ചാൽ പ്രത്യാഘാതം ഗുരുതരം: കെ സുധാകരൻ
രണ്ടുമാസമായി പ്രതിയെ കണ്ടുപിടിക്കാൻ സാധിക്കാത്ത എകെജി സെന്റർ ആക്രമണത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസുകാരുടെ തലയിൽ കെട്ടിവയ്ക്കാൻ സർക്കാർ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കാൻ ഇത് വെള്ളരിക്ക പട്ടണം അല്ല എന്ന് പിണറായി വിജയൻ മനസ്സിലാക്കണമെന്നും കെ സുധാകരൻ പറഞ്ഞു.
ജനങ്ങൾ വെറും വിഡ്ഢികളാണെന്ന് സിപിഎം കരുതുന്നു. തങ്ങൾ കയ്യുംകെട്ടി നോക്കിയിരിക്കില്ല. എല്ലാ നിയമങ്ങളും ലംഘിക്കുന്ന ഭരണകൂടത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് തങ്ങൾക്കറിയാം. രാഹുൽഗാന്ധിയുടെ ഓഫീസ് സിപിഎം അടിച്ചുതകർത്തിട്ട് അവിടെ പ്രതിയാക്കിയത് കോൺഗ്രസുകാരെയാണ്. മുൻ കൗൺസിലർ ഐ പി ബിനു ആണ് ആക്രമണത്തിന് പിന്നിൽ എന്ന് ദൃക്‌സാക്ഷി പറഞ്ഞു. എന്നാൽ ഇപ്പൊ പരാതിയുമില്ല സാക്ഷിയും ഇല്ല – കെ സുധാകരൻ പറഞ്ഞു.
കൂടാതെ കേരളത്തിലേക്ക് കടക്കുന്ന ഭാരത് ജോഡോ യാത്രയെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. യാത്ര മൂലം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രാഹുൽ ഗാന്ധിക്കൊപ്പം 300 പേർ മാത്രമേ ഉണ്ടാകൂ എന്നും, ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാൻ വലിയ ശക്തിപ്രകടനം ഒഴുവാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ വിഴിഞ്ഞം തുറമുഖ സമരവേദി രാഹുൽഗാന്ധി സന്ദർശിക്കാൻ സാധ്യതയില്ല എന്നും, അക്കാര്യം ആലോചിച്ചിട്ടില്ല എന്നും സുധാകരൻ പറഞ്ഞു.