എ ഐ ക്യാമറ  പദ്ധതിയിൽ കോടതി അനുമതി ഇല്ലാതെ കരാറുകാർക്ക് പണം നൽകരുതെന്ന ഹൈക്കോടതി വിധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

single-img
21 June 2023

തിരുവനന്തപുരം: എ ഐ ക്യാമറ  പദ്ധതിയിൽ കോടതി അനുമതി ഇല്ലാതെ കരാറുകാർക്ക് പണം നൽകരുതെന്ന ഹൈക്കോടതി വിധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാൻ വിധിക്കപ്പെട്ട സി പി എം അടിമകളുടെ മുഖത്തേറ്റ അടിയാണ് എ ഐ ക്യാമറ അഴിമതിയിൽ ഇന്ന് കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങളെന്ന് സുധാകരൻ പറഞ്ഞു. ഈ ജനതയ്ക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെയുണ്ട്. പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങൾ കണക്ക് പറയിച്ചിരിക്കും- സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

അഴിമതി ആരോപണത്തിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനപക്ഷത്തു നിന്നുകൊണ്ട് പ്രതിപക്ഷമാണ് ഈ അഴിമതി കൈയ്യോടെ പിടിച്ചതെന്നും കോടതിക്ക് മനസ്സിലായിട്ടുണ്ട്. അഴിമതികളുടെ വിളനിലമായി ഏഴുവർഷങ്ങൾ കൊണ്ട് പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഈ അഴിമതിയും അന്വേഷിച്ചാൽ പിണറായി വിജയനിലും കുടുംബത്തിലും ചെന്ന് നിൽക്കാൻ തന്നെയാണ് സാധ്യത. കുടുംബത്തോടെ ഖജനാവ് കട്ടുമുടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേരള മുഖ്യമന്ത്രിയെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു.

ക്യാമറ ഇടപാടിൽ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ചു ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിലാണു ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിന് നിർദേശം നല്‍കിയത്.  കരാറുകാര്‍ക്ക് പണം നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനി കോടതി ഇടപെടലോടുകൂടി മാത്രമേ തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യാനാകൂ.  കരാറുകാര്‍ക്ക് പണം നല്‍കണമെങ്കില്‍ ഈ കേസുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണം.