ഹൈക്കമാന്റിലെ ഉന്നതനെ ഉമ്മൻ ചാണ്ടിയും ചെന്നിതയും ഒരുമിച്ചു നിന്ന് വെട്ടി; കെപിസിസി പ്രസിഡന്റായി കെ സുധാകരൻ തുടരും
കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റാനുള്ള ഹൈക്കമാന്റിലെ ഉന്നതന്റെ ശ്രമം പരാജയപ്പെട്ടു. എ-ഐ ഗ്രൂപ്പുകൾ ഒരുമിച്ചു നിന്നതോടെയാണ് കെ സുധാകരന് ഒരുവട്ടം കൂടെ കെപിസിസി അദ്ധ്യക്ഷ സ്ഥാനം ലഭിക്കുന്നത്. നാളെയാണ് കെപിസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നേരത്തെ ആരോഗ്യം പ്രശ്നങ്ങൾ ഉയർത്തി കെ സുധാകരനെ മാറ്റി കെപിസിസി അധ്യക്ഷ സ്ഥാനത്ത് പുതുമുഖത്തെ എത്തിക്കാനുള്ള ശ്രമം ഡൽഹി കേന്ദ്രീകരിച്ചു നടന്നിരുന്നു. അണികൾക്ക് പ്രതീക്ഷ നൽകുന്നതാണ് സുധാകരന്റെ ഇടപെടലുകൾ എന്നും അതിനാൽ സുധാകരനെ മാറ്റേണ്ട എന്നുമാണ് എ-ഐ ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടായ ധാരണ. കെ സുധാകരനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കാനും ധാരണയായിട്ടുണ്ട്.
250 അംഗ ജനറൽ ബോഡി യോഗമാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. ഈ പട്ടിക കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് അംഗീകാരം നൽകിയിരുന്നു. കെപിസിസി അധ്യക്ഷനെയും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഭാരവാഹികളെയുമാണ് തിരഞ്ഞെടുക്കുന്നത്. ഒപ്പം തന്നെ ഇവരിൽ നിന്നുള്ള എഐസിസി അംഗങ്ങളെക്കൂടി തിരഞ്ഞെടുക്കും.
കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഷെഡ്യൂൾ പ്രകാരമാണ് സംസ്ഥാനത്ത് കെപിസിസി തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനറൽബോഡി യോഗത്തിലാണ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുക. സുധാകരനെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുന്നതിന് ഒറ്റവരി പ്രമേയം പാസാക്കാനാണ് സാധ്യത.