ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും ആഭിമുഖ്യമില്ല; വിശദീകരണവുമായി കെ സുധാകരൻ

single-img
9 November 2022

പ്രസംഗം പൂർണ്ണമായി കേൾക്കുന്നതിന് പകരം കുറച്ചു ഭാഗങ്ങൾ എടുത്തു ദുർവ്യാഖ്യാനം ചെയ്യുന്നത് ഒരു ഫാഷിസ്റ്റ് രീതിയാണ് എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നിലവിലെ രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ വേണ്ടി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്ന സിപിഎമ്മിന്റെ തന്ത്രം വിജയിക്കാൻ പോകുന്നില്ലെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ നൽകിയ വിശദീകരണത്തിൽ; കെ സുധാകരൻ പറയുന്നു..

ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾക്ക് നൽകിയ വിശദീകരണത്തിൽ, ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും തനിക്ക് ആഭിമുഖ്യമില്ല, അതേ സമയം അവർക്ക് പറയാനും ജനാധിപത്യ സമൂഹത്തിൽ നിയമ വിധേയമായി പ്രവർത്തിക്കാനും അവകാശമുണ്ട്. നെഹ്രുവും, അംബേദ്കറും വിചാരിച്ചിരുന്നു എങ്കിൽ നിയമപരമായി തന്നെ മറ്റ് പാർട്ടികൾക്ക് ഉള്ള അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയുമായിരുന്നുവെന്നും കെ സുധാകരൻ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ ജനാധിപത്യരാജ്യം ആയിരിക്കും സൃഷ്ടിക്കപ്പെടുക എന്ന് ഉറപ്പ് വരുത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. ജനാധിപത്യത്തിന്റെ ജീവ വായുവാണ് അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും. ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നിടത്ത് ശക്തമായി പ്രതികരിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്.

എം.വി രാഘവൻ അനുസ്മരണ സമ്മേളനത്തിൽ എം.വി രാഘവന് എതിരായി സിപിഎം സംസ്ഥാന വ്യാപകമായി നടത്തിയ അവകാശ നിഷേധത്തിന്റെ വെളിച്ചത്തിൽ പഴയ സംഭവങ്ങൾ ഓർത്തെടുക്കുകയായിരുന്നു ഞാൻ. താൻ സംഘടനാ കോണ്ഗ്രസ്സിന്റെ ഭാഗം ആയ സമയത്ത് നടന്ന സംഭവങ്ങൾ ആണ് അതെല്ലാം. സി പി എമ്മിന്‍റെ ഓഫീസുകൾ തർക്കപ്പെട്ടപ്പോഴും സംരക്ഷണം ഒരുക്കിയ ചരിത്രം ഉണ്ട്.

പ്രസംഗം പൂർണ്ണമായി കേൾക്കുന്നതിന് പകരം കുറച്ചു ഭാഗങ്ങൾ എടുത്തു ദുർവ്യാഖ്യാനം ചെയ്യുന്നത് ഒരു ഫാഷിസ്റ്റ് രീതിയാണ്. അതാണ് ചില മാധ്യമങ്ങൾ ചെയ്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും തനിക്ക് ആഭിമുഖ്യമില്ല, അതേ സമയം അവർക്ക് പറയാനും ജനാധിപത്യ സമൂഹത്തിൽ നിയമ വിധേയമായി പ്രവർത്തിക്കാനും അവകാശമുണ്ട്. നെഹ്രുവും, അംബേദ്കറും വിചാരിച്ചിരുന്നു എങ്കിൽ നിയമപരമായി തന്നെ മറ്റ് പാർട്ടികൾക്ക് ഉള്ള അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയുമായിരുന്നു. ഒരുകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആർഎസ്എസ്-ന്റെ നാഗ്പൂർ അടക്കമുള്ള കാര്യാലയങ്ങളിൽ റെയ്ഡ് നടത്തി അവരുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോൾ അവർക്കുവേണ്ടി ശബ്ദമുയർത്തിയത് സിപിഎം ആയിരുന്നു എന്ന ചരിത്രം ആരും മറന്നു പോകരുത്.

അന്ന് RSS ന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിനുവേണ്ടി സിപിഎം വാദിച്ചത് ആർഎസ്എസ് ശാഖകളോടുള്ള സ്നേഹം കൊണ്ടല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി രാഷ്ട്രീയ ലാഭം നോക്കാതെ പ്രവർത്തിച്ച ഒരാളാണ് ഞാൻ. അത് ഇനിയും തുടരുക തന്നെ ചെയ്യും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അജയ്യമായി തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പിന്തുണ നൽകി രാജ്യത്തെ ശരിയായ ദിശയിൽ നയിക്കുകയും ചെയ്യും. നിലവിലെ രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ വേണ്ടി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്ന സിപിഎമ്മിന്റെ തന്ത്രം വിജയിക്കാൻ പോകുന്നില്ല എന്നും പ്രധാന രാഷ്ട്രീയ വിഷയങ്ങളിൽ ഉള്ള സമരങ്ങൾ ശക്തമായി തുടരുക തന്നെ ചെയ്യും എന്നും അവരോട് പ്രത്യേകം സൂചിപ്പിക്കുകയാണ്.