ആ പരാമാര്‍ശം പിന്‍വലിക്കുന്നു; തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തിയ പരാമര്‍ശം പിന്‍വലിച്ച് കെ സുധാകരന്‍

single-img
16 October 2022

നാട്ടില്‍ പ്രചാരത്തിലുള്ള കഥയാണ് താൻ പറഞ്ഞതെന്ന് പറഞ്ഞുകൊണ്ട് രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തിയ പരാമര്‍ശം പിന്‍വലിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. താൻ ദുരുദ്ദേശമൊന്നുമില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും ആ പരമാര്‍ശം പിന്‍വലിക്കുകയാണെന്നും ഇന്ന് കെ സുധാകരന്‍ പറഞ്ഞു.

ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. സംസ്ഥാനത്തെ തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കെ. സുധാകരന്‍ രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്.

‘അതെ, അതില്‍ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവന്‍ ലങ്കയില്‍ നിന്ന് ലക്ഷ്മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തില്‍ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോള്‍ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാന്‍ ലക്ഷ്മണന്‍ ആലോചിച്ചു.’

‘എന്നാല്‍ തൃശ്ശൂരിലെത്തിയപ്പോള്‍ ലക്ഷ്മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാല്‍ രാമന്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ‘ഞാന്‍ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മള്‍ കടന്നുവന്ന ഭൂമിയുടെ പ്രശ്‌നമാണ്’ സുധാകരന്‍ പറഞ്ഞു.