ശോഭാ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് നേരിൽ പരാതി നല്‍കി കെ സുരേന്ദ്രൻ
ബിജെപി നേതാവായ ശോഭാ സുരേന്ദ്രനെതിരെ അധ്യക്ഷൻ കെ സുരേന്ദ്രൻ വീണ്ടും രംഗത്തെത്തി . ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാൻ അനുമതി തേടി കെ സുരേന്ദ്രൻ ബിജെപിയുടെ കേന്ദ്ര നേതൃത്ത്വത്തെ സമീപിച്ചു എന്നാണ് വിവരം.
ബിജെപി സംസ്ഥാനത്തിൽ സ്വീകരിക്കുന്ന നിലപാടുകൾക്ക് വിരുദ്ധമായി തുടർച്ചയായി പരസ്യ പ്രസ്താവന നടത്തി ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്ത്വത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് സുരേന്ദ്രന്റെ പരാതി. അടുത്തിടെ എഐ ക്യാമറ വിവാദത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ പ്രതികരിച്ചു, സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്നീ കാര്യങ്ങളാണ് പരാതിയായി കെ സുരേന്ദ്രൻ ഉന്നയിക്കുന്നത്.
നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപടിയെടുക്കാനാണ് അനുമതി തേടിയത്. കേന്ദ്ര നേതൃത്ത്വത്തിന് സുരേന്ദ്രൻ രേഖാമൂലം പരാതി നൽകി എന്നാണ് സൂചന. ഇന്ന് ഡൽഹിയിൽ എത്തിയ കെ സുരേന്ദ്രൻ വരും ദിവസങ്ങളിലും കേന്ദ്ര നേതാക്കളെ കാണും.