കഴിവ്കെട്ട നേതാവാണെന്ന് ഇതിനകം തെളിയിച്ചയാളാണ് കെ സുരേന്ദ്രന്‍: മേജർ രവി

single-img
14 October 2022

കേരളാ ബിജെപിയ്ക്കും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അനുഭാവിയായ മേജര്‍ രവി. താൻ ഒരു കഴിവ് കെട്ട നേതാവാണെന്ന് ഇതിനകം തെളിയിച്ചയാളാണ് കെ സുരേന്ദ്രനെന്ന് മേജര്‍ രവി വിമര്‍ശിച്ചു.

വളരെ മോശമായ ഒരു നേതൃത്വമാണ് ഇപ്പോൾ കേരളത്തിലെ ബിജെപിക്കുള്ളത്. കഴിവുള്ളവര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നത് താല്‍പര്യമില്ല. അതുകൊണ്ടാണ് വക്താവായിരുന്ന സന്ദീപ് വാര്യരെ പുറത്താക്കിയതെന്നും ഇനിയും നിര്‍ത്തിയാല്‍ സന്ദീപ് വാര്യരോ സന്ദീപ് വചസ്പദിയോ മുകളിലേക്ക് വളരും. അതില്‍ നിന്നും അവരെ വലിച്ച് താഴേക്കിടുക. അതിനാണ് പിടിച്ചു പുറത്താക്കിയതെന്നും മേജർ രവി ഒരു ചാനലിൽ സംസാരിക്കവെ പറഞ്ഞു.

എന്നെ നിങ്ങൾ സംഘിയെന്ന് വിളിക്കുന്നതില്‍ പ്രശ്നമില്ല. ഞാന്‍ രാജ്യസ്‌നേഹത്തിന്റെ വക്തവാണ്. നാം കാര്യമായി എന്തെങ്കിലും ചെയ്താല്‍ പോലും ബിജെപിക്ക് നന്ദിയുണ്ടാവാറില്ല. വ്യക്തി നേട്ടത്തിനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്.’ മേജര്‍ രവി വിമര്‍ശിച്ചു.

അതേപോലെ തന്നെ സുരേഷ് ഗോപി കോര്‍കമ്മിറ്റിയില്‍ വരില്ലെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു. കോര്‍കമ്മിറ്റിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണമെങ്കില്‍ സുരേഷ് ഗോപി കൂടി തീരുമാനിക്കേണ്ടെയെന്നാണ് മേജര്‍ രവി ചോദിക്കുന്നത്. സുരേഷ് ഗോപിയെ അപമാനിക്കുന്നതിന് തുല്യമാണ് കോര്‍ കമ്മിറ്റിയിലേക്ക് എടുക്കുന്നത്. അദ്ദേഹത്തെ പദവികളില്‍ ഇരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും മേജര്‍ രവി നിര്‍ദേശിച്ചു.

മാത്രമല്ല, താന്‍ ബിജെപി അംഗത്വം എടുക്കാത്തത് സംസ്ഥാന ബിജെപി നേതൃത്വത്തോടുള്ള താല്‍പര്യകുറവ് കൊണ്ടാണെന്നും മേജര്‍ രവി പറഞ്ഞു. ‘തേങ്ങയരച്ച് വെച്ചിട്ട് കാര്യമില്ല താളല്ലേ കറിയെന്നതാണ് എനിക്കും പറയാനുള്ളത്. സുരേഷ് ഗോപിയെ ശക്തമായ സ്ഥലത്തിരുത്തിയാല്‍ അദ്ദേഹം പണിയെടുക്കും.’ മേജര്‍ രവി വ്യക്തമാക്കി.