പ്രതിയുടെ വാദം വിശ്വസിക്കാൻ മാത്രം മണ്ടൻമാരാണോ കേരള പോലീസ്; വന്ദേഭാരത് കല്ലേറ് കേസിൽ കെ സുരേന്ദ്രൻ

single-img
23 May 2023

കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഗുരുതരമായ വീഴ്ചയാണെന്നും പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

ട്രെയിനിന് കല്ലെറിയുകവഴി പൊതുമുതൽ നശിപ്പിച്ചതിന് പ്രതിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എലത്തൂർ ട്രെയിൻ ആക്രമണത്തിന് ശേഷമുള്ള ട്രെയിൻ ആക്രമണത്തെ ഗൗരവമായി കാണാത്ത പൊലീസിൻ്റെ സമീപനം ശരിയല്ല. പൊലീസിന് രാഷ്ട്രീയ സമ്മർദ്ദമുണ്ടായിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.

പ്രതിക്ക് ഏതെങ്കിലും വിധ്വംസക സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം. കളിക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന പ്രതിയുടെ വാദം വിശ്വസിക്കാൻ മാത്രം മണ്ടൻമാരാണോ കേരള പൊലീസെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

അതേസമയം കല്ലേറ് കേസിൽ മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോൾ ട്രെയിൻ കൊള്ളുകയായിരുന്നുവെന്നാണ് ഇയാൾ നൽകിയ മൊഴി. എന്നാൽ, പൊലീസ് ഈ മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല. റെയിൽ പൊലീസും കേരള പൊലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് പിന്നിൽ മറ്റാളുകൾ ഉണ്ടോയെന്ന് പെലീസ് പരിശോധിക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചായിരുന്നു വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം നടത്തിയിരുന്നു.