പിണറായിയുടെ കീശ വീർപ്പിക്കാനാണ് കേരളീയം പോലുള്ള ധൂർത്ത് നടത്തുന്നത്: കെ സുരേന്ദ്രൻ

single-img
10 July 2024

സംസ്ഥാന സർക്കാർ ഈ വർഷം കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പകർച്ചപനിമൂലം സാധാരണക്കാരായ ജനം പൊറുതിമുട്ടുകയാണ്. നൂറുകണക്കിനാളുകളാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരണപ്പെട്ടത്.

അതേപോലെ, വളരെ സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലുള്ളത്. ജൽജീവൻ മിഷൻ പോലും മുടങ്ങിക്കിടക്കുകയാണ്. കൃത്യമായി കരാറുകാർക്ക് സംസ്ഥാന സർക്കാർ പണം നൽകുന്നില്ല. മുടങ്ങുന്നത് മോദിയുടെ പദ്ധതിയായതിനാൽ പ്രതിപക്ഷം ഇത് നിയമസഭയിൽ ഉന്നയിക്കുന്നില്ല.

ആറുമാസം സർക്കാരിൻ്റെ പിടിപ്പുകേട് കാരണം എൻഎച്ച്എം ഫണ്ട് കേരളത്തിന് കിട്ടിയില്ല. പേരുമാറ്റത്തിൻ്റെ കാര്യത്തിൽ കടിച്ചുതൂങ്ങിയത് കൊണ്ടാണ് ഈ ഗതി വന്നത്. ക്ഷയരോഗികൾക്കുള്ള മരുന്ന് പോലും സംസ്ഥാനത്ത് ലഭിക്കുന്നില്ല. ആരോഗ്യ മന്ത്രി പൂർണ പരാജയമാണ്. ക്ഷേമപെൻഷൻ കുടിശ്ശിക തീർക്കാൻ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നത്. ഇവൻ്റ് മാനേജുമെൻ്റ് ടീമുകളെ സഹായിക്കാനാണിതെന്ന് വ്യക്തമാണ്.

കേരളത്തെ സ്നേഹിക്കുന്നവർ കേരളീയം ബഹിഷ്ക്കരിക്കണം. ഈ പരിപാടി ആരാണ് സ്പോൺസർ ചെയ്യുന്നതെന്ന് അറിയണം. ലോക കേരളസഭയുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. കേരളത്തിൻ്റെ പ്രതിച്ഛായ ശക്തിപ്പെടുത്താനല്ല, പിണറായിയുടെ കീശ വീർപ്പിക്കാനാണ് കേരളീയം പോലുള്ള ധൂർത്ത് നടത്തുന്നതെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.