കേരള പദയാത്രാ ഗാന വിവാദം; സംസ്ഥാന ഐടി സെൽ കൺവീനറോട് വിശദീകരണം തേടി കെ സുരേന്ദ്രൻ
കെ സുരേന്ദ്രൻ നയിക്കുന്ന ബിജെപി കേരള പദയാത്രയുടെ ഗാനം വിവാദത്തിലായതോടെ സംസ്ഥാന ഐടി സെൽ കൺവീനർ എസ്. ജയശങ്കറിനോട് വിശദീകരണം തേടി സുരേന്ദ്രൻ. വിഷയത്തിൽ ഉടൻ വ്യക്തമായ വിശദീകരണം രേഖാമൂലം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ 2012ൽ ബിജെപി നേതാവായ വി. മുരളീധരൻ കേരളയാത്ര നടത്തിയപ്പോൾ ഉള്ള ഗാനം കെ. സുരേന്ദ്രന്റെ കേരള പദയാത്രയുടെ ലൈവിൽ മിക്സ് ചെയ്തത് ഐടി സെല്ലിൻ്റെ വീഴ്ച്ചയാണ്. വിവാദമായ പോസ്റ്റർ തയ്യാറാക്കിയതും ഐ ടി സെല്ലായിരുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഗാനത്തിലെ വരിയാണ് വിവാദമായത്.
‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ…’ എന്നാണ് ഗാനത്തിലെ വരി. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന ഗാനമാണ് ഇപ്പോൾ വിവാദമായത് . “ദുരിതമേറ്റു വാടിവീഴും പതിതകോടി മാനവർക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ…പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും എതിരിടാൻ ഞങ്ങളുണ്ട് കൂട്ടരേ…അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ… താമരയ്ക്ക് കൊടി പിടിക്ക് കൂട്ടരേ…”-എന്നതാണ് ഗാനത്തിലെ വരികൾ. പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.