കെ.വി. തോമസിന്റെ ശമ്പളം; ഇതുവരെ തീരുമാനമായില്ല
കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട മുന്‍ കോൺഗ്രസ് നേതാവ് കെ.വി. തോമസിന്റെ ഓണറേറിയം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ബജറ്റിലെ ഇന്ധന നികുതി, സെസ് നിര്‍ദേശങ്ങള്‍ക്കെതിരേ ജനരോഷം ആളിക്കത്തുന്ന സാഹചര്യത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ട എന്ന സി പി എം നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം വൈകുന്നത് എന്നാണു ലഭിക്കുന്ന വിവരം.
ഫയലില്‍ അന്തിമ അനുമതിക്കായി ധനമന്ത്രിയുടെ അഭിപ്രായം തേടിയ ഘട്ടത്തിലാണ് ഓണറേറിയം ഉടന്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാട് ധനമന്ത്രി സ്വീകരിച്ചത്. ഇതോടെ കെ.വി തോമസിന്റെ ഓണറേറിയം ഫയല്‍ ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി സജ്ഞയ് കൗളിനു കൈമാറി.
ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമതിനായ തോമസ് തനിക്ക് ശമ്പളം വേണ്ടെന്നും പകരം ഓണറേറിയം അനുവദിച്ചാല്‍ മതിയെന്നും കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു തോമസിന്റെ കത്ത് പൊതുഭരണ വകുപ്പ് തുടര്‍ നടപടിക്കായി ധനകാര്യ വകുപ്പിനു കൈമാറിയിരുന്നു. അതേസമയം ഈ മാസം 25 നുശേഷം ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.