വ്യാജരേഖ ചമച്ചിട്ടില്ല; അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കും; മുൻ‌കൂർ ജാമ്യാപേക്ഷയുമായി കെ വിദ്യ

single-img
11 June 2023

വ്യാജരേഖ നൽകി ഗസ്റ്റ് ലക്ചറര്‍ ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ മഹാരാജാസ് കോളേജ് മുന്‍ വിദ്യാര്‍ത്ഥിനി കെ.വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. താൻ ഇത്തരത്തിൽ ഒരു വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഹർജിയിൽ പറയുന്നു .

മാത്രമല്ല, പ്രതി ചെറുപ്പമാണ്. അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കും. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത് അഗളി പൊലീസിന് കൈമാറിയ കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.നീലേശ്വരം കേസിൽ മുൻകൂ‍ർ ജാമ്യാപേക്ഷ തേടിയിട്ടില്ല.

അതേസമയം, ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് തനിക്കെതിരെ ഉളളതെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്..വ്യാജ രേഖയുപയോഗിച്ച് ആരെയും വഞ്ചിച്ചതായി പൊലീസ് ആരോപിക്കുന്നില്ല.വ്യാജരേഖവഴി എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി പ്രോസിക്യൂഷൻ ആരോപണമില്ലെന്നും വിദ്യ പറയുന്നു.തനിക്കെതിരായ കേസിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും വിദ്യയുടെ ഹര്‍ജിയില്‍ പറയുന്നു.