കൈരളിയും മീഡിയ വണ്ണും മാപ്പ് പറഞ്ഞാൽ മാത്രം തുടർന്ന് സഹകരിക്കും: ഗവർണർ
അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ തനിക്കെതിരെ ഉയർത്തുന്ന മീഡിയ വണ്ണും കൈരളി ചാനലും തന്നോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ട്വന്റിഫോർ ചാനലിലെ എക്‌സിക്യൂട്ടിവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗവർണർ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞത്.
ചാനലിലെ ഓൺലൈൻ വിഭാഗം പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കാം:
ചോദ്യം : മീഡിയ വണ്ണിനേയും കൈരളിയേയും പുറത്താക്കാൻ കാരണമെന്ത് ?
‘ജമാഅത്ത് ഇസ്ലാമിയുടെ സ്ഥാപകൻ മൗദൂദിയെ വായിച്ചിട്ടുണ്ടോ ? ജമാഅത്ത് ഇസ്ലാമിയും മീഡിയ വണ്ണും തമ്മിൽ വ്യത്യാസമില്ല’
ചോദ്യം : പക്ഷേ ജമാഅത്ത് ഇസ്ലാമി നിരോധിത സംഘടനയല്ലല്ലോ ?
ഉത്തരം : ‘നിരോധിച്ചോ അല്ലയോ എന്നത് വിഷയമല്ല. പക്ഷേ മൗദൂദിയെ കുറിച്ച് ഞാൻ കൃത്യമായി വായിച്ചിട്ടുണ്ട്. ലോകത്തെ നിരവധിയിടങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതിന് മൗദൂദിയെയാണ് പണ്ഡിതന്മാർ കുറ്റക്കാരനായി കണക്കാക്കുന്നത്.
എന്നെ ലക്ഷ്യം വച്ചിട്ടുള്ള അവരുടെ പ്രവർത്തനം തുടങ്ങിയിട്ട് നാളേറെയായി. എന്റെ ട്വീറ്റിൽ വിമർശനം എന്ന വാക്കില്ലായിരുന്നു. പക്ഷേ ഇരുമാധ്യമങ്ങളും അങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്. രാജ്ഭവൻ പിആർഒ ഇരു മാധ്യമങ്ങളേയും ഇക്കാര്യം അറിയിത്തിരുന്നതാണ്. അത് മാറ്റാമെന്ന് ഇരു മാധ്യമങ്ങളും ഉറപ്പ് നൽകിയെങ്കിലും അവരത് മാറ്റിയില്ല. കൈരളി പോലുള്ള കേഡർ മീഡിയയോട് സംസാരിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചതാണ്. മീഡിയ വണ്ണും സമാന രീതിയിലുള്ള മാധ്യമമാണ്. അവർക്ക് നിരവധി മുൻവിധികളുണ്ട്’.
ചോദ്യം : പിന്നെ എന്തിന് രാജ്ഭവൻ അവരെ വിളിച്ചു ?
അവർ രാജ്ഭവൻ പിആർഒയോട് പറഞ്ഞു, തങ്ങളുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിക്കില്ലെന്ന്. എന്നെ വിമർശിക്കുന്നതല്ല പ്രശ്‌നം. അങ്ങനെയെങ്കിൽ മനോരമ, മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ എന്നിവരെല്ലാം എന്നെ വിമർശിച്ചിട്ടുണ്ട്. പക്ഷേ അവരോടൊന്നും എനിക്ക് പ്രശ്‌നമില്ലല്ലോ ? കൈരളിയും, മീഡിയ വണ്ണും എന്നെ കരിവാരിത്തേക്കാനാണ് ശ്രമിക്കുന്നത്.
ഒരു കാര്യവും ഇല്ലാതെയാണ് കൈരളി എന്നെ വിമർശിക്കുന്നത്. 2019 ൽ ആദിവാസികൾക്കൊപ്പം അൽപ നിമിഷം ചെലവിടാനും അവരുടെ പ്രശ്‌നങ്ങൾ അറിയാനും പൊന്മുടിയിലേക്ക് എനിക്ക് ക്ഷണം ലഭിച്ചു. അന്ന് മീഡിയ വൺ എഴുതിയത് ഞാൻ ആസ്വദിക്കാൻ പോയതാണ് എന്നാണ്.
ഞാൻ ചെന്നൈ, മുംബൈ, ബംഗളൂരു ഇവിടെയെല്ലാം പോകുന്നുണ്ട്. പൊന്മുടിയിൽ പോകുന്നതിന് വിമർശിക്കേണ്ട കാര്യമുണ്ടോ ?
ചോദ്യം : അവരോടുള്ള സമീപനത്തിൽ ഒരിക്കലും അയവ് വരുത്തില്ലേ ?
ഉത്തരം : ഇല്ല. എന്റെ അടുത്ത് പോലും വരാൻ ഞാൻ അവരെ അനുവദിക്കില്ല. കൈരളിയും മീഡിയ വണ്ണും എന്നോട് മാപ്പ് പറയണം. മാപ്പ് പറഞ്ഞാൽ മാത്രം തുടർന്ന് സഹകരിക്കും.