ഗണേശോത്സവ ദിനത്തിൽ കാക്കിയിൽ ഗണപതിയെ അവതരിപ്പിച്ച് മുംബൈ പോലീസ്; അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയ

single-img
31 August 2022

ഈ വർഷത്തെ ഗണേശോത്സവം രാജ്യമാകെ വിവിധ തരത്തിലുള്ള ഗണേശ വിഗ്രഹങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. ഇതിന്റെ ഭാഗമായി സിനിമാ താരങ്ങളുടേയും പ്രശസ്ത വ്യക്തികളുടേയും സാദൃശ്യമുള്ള വിഗ്രഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇവിടെ മുംബൈ പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച ഗണപതിയുടെ വിഗ്രഹമായ ‘പോലീസ് ബാപ്പ’യുമായാണ് മുംബൈ പോലീസ് എത്തിയിരിക്കുന്നത്.

കാക്കി നിറത്തിലുള്ള യൂണിഫോം ധരിച്ച പോലീസ് ബാപ്പ കയ്യിൽ മൊബൈൽ ഫോൺ പിടിച്ചിരിക്കുന്നു. വിലെപാർലെ പൊലീസ് സ്റ്റേഷനിൽ ബാപ്പയെ സ്വീകരിച്ചു. “പൊലീസ് ബാപ്പയെ കൊണ്ടുവന്നതിന് പിന്നിലെ ഉദ്ദേശ്യം ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ്. ഇത്തവണ സൈബർ കുറ്റകൃത്യങ്ങളിൽ കുടുങ്ങുന്നവർക്ക് ബാപ്പ മുന്നറിയിപ്പ് നൽകുന്നു,” – ഇൻസ്പെക്ടർ രാജേന്ദ്ര കെയ്ൻ പറഞ്ഞു.

ഈ വർഷത്തെ ഗണേശോത്സവത്തിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള സന്ദേശം നൽകാനാണ് മുംബൈ പോലീസ് ലക്ഷ്യമിടുന്നത്. സൈബർ സുരക്ഷയും ഗണപതിയെ സ്വാഗതം ചെയ്യുന്നതും ഉയർത്തിക്കാട്ടുന്ന പ്രത്യേക ഗാനവും പോലീസ് പുറത്തിറക്കി. ഇൻസ്പെക്ടർ കെയ്ൻ എഴുതിയ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ ഖണ്ഡാരെയാണ്.

“ബാപ്പ ഞങ്ങളെ സംരക്ഷിക്കാൻ തിരിച്ചെത്തി. ഈ വർഷം, പ്രധാനപ്പെട്ടതും അപകടകരവുമായ ഒരു സാമൂഹിക പ്രശ്നത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ബാപ്പ വന്നിരിക്കുന്നു – ‘സൈബർ തട്ടിപ്പ്!’, മുംബൈ പോലീസ് ട്വീറ്റ് ചെയ്തു.

എന്നാൽ ഇതിനോട് പോലീസ് ബാപ്പ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ക്ഷണിച്ചത്. ഗണപതിയുടെ പോലീസ് അവതാരത്തെ പലരും സ്വാഗതം ചെയ്‌തപ്പോൾ, സൃഷ്ടി ‘അനുചിതമാണ്’ എന്ന് പറഞ്ഞ് മറ്റ് ചിലർ അതിനെ വിമർശിച്ചു.