ഒരു കോടി ഗ്രോസ്സിന്‍റെ തിളക്കത്തില്‍ കാക്കിപ്പട

single-img
3 January 2023

ഒറ്റയ്ക്കല്ല, പടയുമായാണ്‌ വരുന്നത് എന്ന ടാഗ് ലൈനോടെ തീയറ്ററിലേക്ക് എത്തിയ കാക്കിപ്പട എന്ന സിനിമ അണിയറക്കാരെ പോലും അമ്പരപ്പിച്ച് കൊണ്ട് ഹിറ്റിലേക്ക് കുതിക്കുകയാണ്. ഈ അവസരത്തില്‍ കാക്കിപ്പടയുടെ നിര്‍മ്മാതാവും തിരക്കഥാ രചനയിലെ പങ്കാളിയുമായ ഷെജി വലിയകത്തുമായി നടത്തുന്ന ഒരു അഭിമുഖം.

കാക്കിപ്പടയുടെ ഈ അപ്രതീക്ഷിത വിജയത്തെ കുറിച്ച് നിര്‍മ്മാതാവ് എന്ന നിലയില്‍ എന്താണ്‌ ഷെജിക്ക് പറയാനുള്ളത്?
ഇതൊരു അപ്രതീക്ഷിത വിജയം ആയിരുന്നില്ല എന്ന് തന്നെയാണ്‌ എനിക്ക് പറയാനുള്ളത്. പ്രമേയ പരമായ പ്രത്യേകത മൂലം സിനിമ വിജയിക്കും എന്ന് തന്നെ ഉറപ്പായിരുന്നു. എന്നാല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വലിയ വിജയം ആയി സിനിമ മാറുന്നു എന്നത് വളരെ സന്തോഷം നല്‍കുന്നു.അഞ്ച് ദിവസം കൊണ്ട് ഒരു കോടി രൂപ ഗ്രോസ്സിലേക്ക് കാക്കിപ്പട എത്തി ചേര്‍ന്ന് കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ എല്ലാവരും സന്തുഷ്ടരാണ്.

സ്ക്കൂളുകളും ഓഫീസുകളും തുറക്കുകയാണ്, ഇനി ഉള്ള ദിവസങ്ങളിലും ഈ വിജയം തുടര്‍ന്ന് പോകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
തീര്‍ച്ചയായും, നല്ല സിനിമകളെ എന്നും അംഗീകരിക്കുന്നവരാണ്‌ നമ്മുടെ പ്രേക്ഷകര്‍.ഉടനെ തന്നെ കാക്കിപ്പട എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരുന്നതാണ്. ഇതിന്‍റെ GCC റൈറ്റ്സ്സ് പോയേക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനു ആണ്.ഭീഷ്മയുടെയും റോഷാക്കിന്‍റെയും ഒക്കെ ഓവര്‍ സീസ്സ് ഡിസ്ട്രിബ്യൂഷന്‍ എടുത്ത അവര്‍ സിനിമ കണ്ട് ഇഷ്ടപ്പെട്ടിട്ട് തന്നെയാണ്‌ ഇതും വിതരണത്തിനു എടൂത്തിരിക്കുന്നത്.മാത്രമല്ല ഉടന്‍ തന്നെ തമിഴ് ഡബ്ബ്ഡ് വേര്‍ഷനും ഇറങ്ങുന്നുണ്ട്.തീര്‍ച്ചയായും ഇനി ഉള്ള ദിവസങ്ങളിലും ഈ വിജയം കാണുമെന്ന് പ്രതീക്ഷിക്കുന്നു.

നിര്‍മ്മാണം കൂടാതെ തിരക്കഥയില്‍ കൂടി പങ്കാളി ആയതിനെ കുറിച്ച്…?
കുട്ടിക്കാലം മുതലേ കഥകള്‍ പറഞ്ഞ് വളര്‍ന്നവരാണ്‌ ഇതിന്‍റെ സംവിധായകന്‍ ഷെബിയും ഞാനും.ഷെബി സിനിമാ ഫീല്‍ഡില്‍ സംവിധായകനായി മാറിയ സമയത്ത് ഞാന്‍ ഖത്തറില്‍ ബിസനസ്സിലേക്ക് ശ്രദ്ധ തിരിച്ചു.പിന്നീട് ഒരിക്കല്‍ പ്രൊഡക്ഷന്‍ ഹൌസ്സ് തുടങ്ങാന്‍ തീരുമാനിച്ചപ്പോഴാണ്‌ ബിസനസ്സ് മാത്രം പോരാ കലയും കൂടി വേണമെന്ന് തീരുമാനിച്ചത്.അങ്ങനെയാണ്‌ ഷെബിയും ഒരുമിച്ച് ഒരു സിനിമ എന്ന ആശയം വരുന്നത്.ആദ്യം ഷെബിയോട് തന്നെ സംസാരിച്ചു, അപ്പോഴാണ്‌ അവന്‍ ഈ കഥ പറയുന്നത്.അതോടെ ഞങ്ങള്‍ ഒരുമിച്ച് തിരക്കഥ എഴുതാമെന്ന് തീരുമാനമായി.ജോലി തിരക്കിനു അവധി കൊടുത്ത് ഞാന്‍ അതില്‍ പങ്കാളിയായി. അതിനാല്‍ തന്നെ നിര്‍മ്മാതാവ് എന്നതില്‍ ഉപരി, സിനിമയെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.അത് കൃത്യമായി വന്നു എന്ന് മനസിലായപ്പോ സന്തോഷം.

എന്താണ്‌ ഭാവി പരിപാടികള്‍?
S V പൊഡക്ഷന്‍സ്സിന്‍റെ അടുത്ത സിനിമ, പ്രൊഡക്ഷന്‍ നമ്പര്‍ 2 ഉടനെ അനൌണ്‍സ്സ് ചെയ്യും, കുറച്ച് കൂടി ക്ഷമിക്കുക.കൂടുതല്‍ നല്ല കഥകള്‍ കേട്ട് കൊണ്ട് ഇരിക്കുകയാണ്, ഒന്നിനു പിറകെ ഒന്നായി നല്ല സിനിമകള്‍ ചെയ്യണം എന്ന് തന്നെ ആണ്‌ ആഗ്രഹം.