കളമശ്ശേരിയിൽ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറൻ്റുകളിൽ; ആരോഗ്യവിഭാഗം പട്ടിക പുറത്തുവിട്ടു
എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറൻ്റുകളിൽ. നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്തുവിട്ട പട്ടികപ്രകാരം നഗരത്തിലെ വിവിധ പ്രമുഖ റെസ്റ്റോറൻ്റുകളിലേക്കൊക്കെ ഈ ഇറച്ചി വിതരണം ചെയ്തിട്ടുണ്ട് എന്ന് വാർത്താ ചാനലായ 24 റിപ്പോർട്ട് ചെയ്യുന്നു. .
നിലവിൽ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾ രണ്ടുപേരും ഒളിവിലാണ്. ഇന്ന് ചേരുന്ന നഗരസഭാ യോഗം വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിലേക്ക് മാർച്ച് നടത്തും.
അതേസമയം, ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഈ ഇറച്ചി എത്തിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. നഗരസഭാ സെക്രട്ടറി പൊലീസിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.