കളമശ്ശേരി സ്ഫോടനം: കീഴടങ്ങിയ കൊച്ചി സ്വദേശിയെ പോലീസ് ചോദ്യം ചെയ്യുന്നു
എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ യഹോവാസാക്ഷികളുടെ പാർത്ഥനാ കണ്‍വെന്‍ഷന്‍ സെന്ററിൽ ബോംബ് വെച്ചത് താനാണെന്ന് അവകാശവാദവുമായി കൊച്ചി സ്വദേശി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്. തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഉച്ചക്ക് ഒന്നരയോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്.
പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം കളമശേരിയിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണത്തിൽ ഇടപെട്ട് കേന്ദ്രം. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സംസാരിച്ചു.
ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.