കളമശ്ശേരി സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം
എറണാകുളം ജില്ലയിലെ കളമശ്ശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം അനുവദിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും ഇതോടൊപ്പം സര്‍ക്കാര്‍ അനുവദിക്കും. ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. അഞ്ച് പേരാണ് ഇതുവരെ മരിച്ചത്. പരിക്കേറ്റ ചിലര്‍ ഇപ്പോഴും ചികിത്സയിലാണ്.
അതേസമയം കേസിലെ പ്രതിയായ ഡൊമിനിക് മാർട്ടിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോട മാർട്ടിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. അഭിഭാഷകന്‍ വേണ്ടെന്ന് വീണ്ടും ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ഇന്ന് രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഡൊമിനിക് മാര്‍ട്ടിനെ ഹാജരാക്കിയത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതോടെ പ്രതിയെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതോടെയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.