എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സർവകലാശാല കേരള സർവകലാശാലയ്ക്ക് ഔദ്യോഗിക മറുപടി നൽകി

single-img
21 June 2023

തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സർവകലാശാല കേരള സർവകലാശാലയ്ക്ക് ഔദ്യോഗിക മറുപടി നൽകി. കർശന നടപടി വേണമെന്ന് കേരള സർവകലാശാല രജിസ്ട്രാറോട് കലിംഗ സർവകലാശാല ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ, നിഖിലിന്റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കിയേക്കും. കേരള നൽകിയ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കും. ക്രമക്കേട് കാട്ടിയവരെല്ലാം കുടുങ്ങുമെന്നാണ് കേരള വിസി മോഹൻ കുന്നുമ്മലും പ്രതികരിച്ചു. 

സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് നിഖിലിന്‍റെ ഫോണിന്‍റെ അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്. നിഖിലിന്‍റെ ഒളിത്താവളം കണ്ടെത്താല്‍ വ്യാപക പരിശോധന നടക്കുകയാണ്. നിഖിലിന്‍റെ അടുത്ത സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കായംകുളം സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യൽ.

തിങ്കളാഴ്ച ആർഷോയെ കാണാൻ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ ഡിവൈഎഫ്ഐ നേതാവിനെയും പൊലീസ് ചോദ്യം ചെയ്തു. പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ കൊണ്ടുപോയത്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖിൽ ഒളിവിൽ പോയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അതേസമയം, അഡ്മിഷൻ കമ്മിറ്റി കൺവീനർ എന്ന നിലയിൽ സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പ് വരുത്താൻ ചുമതലപ്പെട്ട  എം എസ് എം കോളേജിലെ കോമേഴ്സ് വകുപ്പ് മേധാവി അടക്കമുള്ള അധ്യാപകരുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തുന്നുണ്ട്.