ചെന്നൈയിൽ ജല്ലിക്കെട്ട്‌ നടത്തും; വെല്ലുവിളിച്ചു കമൽഹാസൻ

single-img
7 January 2023

പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി ജല്ലിക്കെട്ടുമത്സരം ചെന്നൈയിലും നടത്തുമെന്ന് കമൽഹാസൻ. ചെന്നൈയിൽ ജല്ലിക്കെട്ട് നടത്തണമെന്നത് എന്റെ ആഗ്രഹമാണ്. അതിനുളള ഒരുക്കത്തിലാണ്. വേദി ഉടൻ പ്രഖ്യാപിക്കും’’-വെളളിയാഴ്ച ചെന്നൈയിൽ പാർട്ടിപ്രതിനിധികളുമായി ചേർന്ന യോഗത്തിനുശേഷം കമൽഹാസൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

കേരളത്തിൽ മദമിളകിയ ആനകളുടെ കുത്തേറ്റ് ധാരാളംപേർ മരിക്കുന്നു. എന്നിട്ടും ആനയെഴുന്നള്ളിപ്പ്‌ തടയുന്നില്ല. മണിക്കൂറുകളോളം ആനകളെ വെയിലത്തുനിർത്തുന്നു. ചെണ്ടയും വാദ്യമേളങ്ങളുംകൊണ്ട് അവയുടെ കാതടിപ്പിക്കുന്നു. കേരളത്തിനും തമിഴ്‌നാട്ടിനും രണ്ടുനിയമം പാടില്ല എന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.

2014 മെയ് ഏഴിനാണ് സുപ്രീംകോടതി ജല്ലിക്കെട്ടിന് നിരോധനമേർപ്പെടുത്തിയത്. അതിനെത്തുടർന്ന് 2015-ലും 2016-ലും ജല്ലിക്കെട്ട് നടത്താനായിട്ടില്ല. 2017 ൽ ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദിവസങ്ങളോളം നീണ്ടു നിന്ന വിദ്യാർഥി – യുവജന പ്രക്ഷോഭം നടന്നു. പിന്തുണ അറിയിക്കാനായി വിദ്യാർഥികളും ചെറുപ്പക്കാരുമുൾപ്പടെ ആയിരക്കണക്കിന് പേർ ചെന്നൈ മറീനാ ബീച്ചിൽ പ്രതിഷേധവുമായി അണിനിരന്നു. 2017-ൽ മറീനയിൽ നടന്ന ജല്ലിക്കെട്ടു പ്രക്ഷോഭത്തെ ശക്തമായി പിന്തുണച്ച വ്യക്തിയാണ് കമൽഹാസൻ.