യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: കമലാ ഹാരിസിൻ്റെ വിജയം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കും: ട്രംപ്
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസ് വിജയിച്ചാൽ, മിഡിൽ ഈസ്റ്റിൽ “വലിയ യുദ്ധങ്ങളും” “ഒരുപക്ഷേ ഒരു മൂന്നാം ലോക മഹായുദ്ധവും” പൊട്ടിപ്പുറപ്പെടുമെന്ന് മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
കമലാ ഹാരിസും പ്രസിഡൻ്റ് ജോ ബൈഡനും യുഎസിനെ ആഗോള സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ട്രംപ് ആവർത്തിച്ച് ആരോപിച്ചിരുന്നു. വെള്ളിയാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംസാരിച്ച ട്രംപ്, താൻ വൈറ്റ് ഹൗസിലേക്ക് മടങ്ങുകയാണെങ്കിൽ ഇസ്രായേൽ/ഹമാസ് യുദ്ധം “വളരെ വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ” പ്രതിജ്ഞയെടുത്തു.
“ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏത് സമയത്തേക്കാളും നിങ്ങൾ ഇപ്പോൾ ഒരു മൂന്നാം ലോക മഹായുദ്ധത്തോട് അടുക്കുകയാണ്. കഴിവുകെട്ട ആളുകൾ രാജ്യം ഭരിക്കുന്നതിനാൽ ഞങ്ങൾ ഒരിക്കലും ഇത്രയും അടുത്തിട്ടില്ല. ”- ട്രംപ് പറഞ്ഞു .
2022ൽ ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതു മുതൽ ബൈഡനും ഹാരിസിനും എതിരെ സമാനമായ ആരോപണങ്ങളാണ് ട്രംപ് ഉന്നയിക്കുന്നത്. താൻ അധികാരത്തിലിരുന്നെങ്കിൽ സംഘർഷം ഒരിക്കലും ആരംഭിക്കുമായിരുന്നില്ലെന്നും നവംബറിൽ തിരഞ്ഞെടുക്കപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ മോസ്‌കോയെയും കിയെവിനെയും ചർച്ചാ മേശയിലെത്തിക്കുമെന്നും മുൻ പ്രസിഡൻ്റ് അവകാശപ്പെട്ടു.