പത്മജ പോയതിൽ മുഖ്യമന്ത്രിയെ പഴിക്കുന്നത് കനഗോലു സിദ്ധാന്തമാണ്: എംവി ഗോവിന്ദൻ മാസ്റ്റർ
തുടർച്ചയായി ബിജെപിയിലേക്കുള്ള കൂടുമാറ്റം കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസിന് അണികളെയും ജനങ്ങൾക്ക് കോൺഗ്രസിനെയും വിശ്വാസമില്ലാതായി. INDIA മുന്നണിയിൽ വിശ്വാസക്കുറവുണ്ട് എന്നും അദ്ദേഹം പറഞ്ഞു .
എപ്പോൾ ആരാണ് ബിജെപിയിലേക്ക് പോകാതിരിക്കുക എന്നൊരു ഗ്യാരണ്ടിയും ഇല്ല. ദേശീയ തലത്തിൽ പോലും എല്ലാ തരത്തിലും ദുർബലപ്പെട്ടു. രാഹുൽ ഗാന്ധി വയനാട്ടിലും കെ.സി.വേണുഗോപാൽ ആലപ്പുഴയിലും ഒതുങ്ങി. കോൺഗ്രസിൽ സംഘടന നോക്കാൻ ആളില്ലാതായി. അതേപോലെ തന്നെ മൃദുഹിന്ദുത്വ നിലപാട് പൗരത്വ നിയമത്തിൽ തെളിഞ്ഞു.
കാരണം , പൗരത്വ നിയമത്തിലെ കോൺഗ്രസ്സിന്റെ മൗനം മൃദു ഹിന്ദുത്വത്തിന്റെ ഭാഗമാണ്. നിയമം നടപ്പാക്കരുത് എന്ന് കോൺഗ്രസിന് ആഗ്രഹമില്ല. കേരളത്തിൽ കോൺഗ്രസ്സ് കാണിക്കുന്നത് കാപട്യം നിറഞ്ഞ സമീപനമാണ്. തെരഞ്ഞെടുപ്പ് ആയതു കൊണ്ടു മാത്രം നിയമത്തെ എതിർക്കുന്നു. നിന്ന് പിഴയ്ക്കാനുള്ള കാപട്യം മാത്രമാണ് എടുക്കുന്നത്.
ദേശീയ തലത്തിലെ ഇന്ത്യ മുന്നണിയിൽ വിശ്വാസക്കുറവുണ്ട്. മുന്നണി എന്ന രീതിയിൽ പോകാൻ സാധിക്കില്ലെന്ന് മുൻപേ ഉറപ്പുണ്ട്. രാഷ്ട്രീയ വിഷയമായി INDIA മുന്നണിയെ മുന്നോട്ടു വെയ്ക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഓരോ സംസ്ഥാനങ്ങളും ഓരോ യൂണിറ്റായി എടുത്താൽ ഭാവിയുണ്ട്. ബിജെപി വിരുദ്ധ വോട്ടുകൾ ചോരാതെ ഫലപ്രദമായി ബിജെപിയെ പ്രതിരോധിക്കണം. അതിനു നേതൃത്വപരമായ പങ്ക് വഹിക്കാൻ കോൺഗ്രസിന് കഴിയില്ല എന്ന് വ്യക്തമായി.
പത്മജ പോയതിൽ മുഖ്യമന്ത്രിയെ പഴിക്കുന്നത് കനഗോലു സിദ്ധാന്ദമാണ്. എന്തുണ്ടായാലും മുഖ്യമന്ത്രിയെ കുറ്റം പറയണം. കെ സി വേണുഗോപാൽ നടപ്പാക്കുന്നത് അതാണ്. അതിനൊന്നും മറുപടി അർഹിക്കുന്നില്ല. എന്തൊക്കെയോ അങ്ങ് വിളിച്ചു പറയുകയാണ്. പ്രതിപക്ഷ നേതാവ് കാണിക്കേണ്ട നിലവാരമല്ല വി.ഡി സതീശൻ കാണിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു