കടം കയറി; ബാന്ദ്രയിലെ 40 കോടിയുടെ വീട് വിൽക്കാൻ കങ്കണ


ബൃഹാൻ മുംബൈ കോർപറേഷൻ പൊളിച്ചുനീക്കാൻ ഉത്തരവിട്ട ബാന്ദ്രയിലെ വസതി വിൽപ്പനയ്ക്ക് വെക്കാൻ ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റനൗട്ട്. 40 കോടി രൂപ മാർക്കറ്റ് വിലയിട്ടിരിക്കുന്ന വീടാണ് കങ്കണ വിൽക്കുന്നത്. ഇവിടെയാണ് കങ്കണയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണക്കമ്പനി മണികർണിക ഫിലിംസിന്‍റെ ഓഫിസും പ്രവർത്തിക്കുന്നത്.
അതേസമയം, ഡൽഹിയിലും മാണ്ഡ്യയിലുമായി താമസിക്കുന്ന തനിക്ക് ബാന്ദ്രയിലെ വസതി ആവശ്യമില്ലെന്നാണ് കങ്കണ പറയുന്നതെങ്കിലും കൂടിവരുന്ന കടം മൂലമാണ് വീട് വിൽക്കുന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്.
തനിക്ക് നിലവിൽ 19 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അവകാശപ്പെട്ട കങ്കണ, 17 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു . നേരത്തെ , 2020ൽ നിയമവിരുദ്ധ നിർമാണ പ്രവർത്തനങ്ങളുടെ പേരിലാണ് ബിഎംസി വീടിന്റെ കുറച്ചുഭാഗം പൊളിച്ചത്. ഇത് നടി ബോംബെ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി നടപടി ഒഴിവാക്കി.