ആദ്യം അവര്‍ ടി വി നെറ്റ്‌വര്‍ക്കുകള്‍ പിടിച്ചെടുത്തു; അടുത്തത് സോഷ്യല്‍ മീഡിയ; കേന്ദ്രസർക്കാരിനെതിരെ കപില്‍ സിബല്‍
കേന്ദ്ര സര്‍ക്കാർ നടപ്പാക്കാനൊരുങ്ങുന്ന പുതിയ ഐ ടി നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപിയും മുന്‍ ഐടി മന്ത്രിയുമായ കപില്‍ സിബല്‍.ആദ്യം തന്നെ രാജ്യത്തെ ടിവി നെറ്റ്‍വർക്കിനെ നിയന്ത്രണത്തിലാക്കിയ കേന്ദ്രസർക്കാർ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾക്കും കടിഞ്ഞാണിടാനാണ് ശ്രമിക്കുന്നതെന്ന് സിബല്‍ കുറ്റപ്പെടുത്തി.
രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ ആകെയുണ്ടായിരുന്ന ആശ്രയമായിരുന്നു സോഷ്യൽ മീഡിയകൾ . ഇപ്പോൾ പുതിയ നടപടിയിലൂടെ അതുകൂടിയില്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമമെന്ന് സിബല്‍ പറഞ്ഞു.
തങ്ങള്‍ക്ക് എല്ലാം ചെയ്യാം എന്നാല്‍ മറ്റുളളവര്‍ക്ക് അത് പാടില്ല എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.ഒരു പാര്‍ട്ടി, ഒരു ഭരണ സംവിധാനം , ഒരു നിയമം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും, വിമര്‍ശിച്ചാല്‍ പോലും കേസെടുക്കുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളതെന്നും കപില്‍ സിബല്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്രസർക്കാർ ഐ ടി ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. സുരക്ഷിതമായ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുക, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങളും വ്യാജവാര്‍ത്തകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനമെന്നാണ് കേന്ദ്രത്തിന്‍റെ വാദം.