രാജ്യത്തിനേറ്റ നഷ്ടം; വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ പ്രതികരണവുമായി കരണ്‍ ഭൂഷണ്‍ സിങ്

single-img
7 August 2024

ഭാരം കൂടിയതിന്റെ പേരിൽ വിനേഷ് ഫോഗട്ടിനെ പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യയാക്കിയതില്‍ പ്രതികരണവുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകനും ബി.ജെ.പി എം.പിയുമായ കരണ്‍ ഭൂഷണ്‍ സിങ്.

വിനേഷ് ഫോഗട്ടിന് നേരിടേണ്ടി വന്ന അയോഗ്യത രാജ്യത്തിനേറ്റ നഷ്ടമാണെന്നെന്നായിരുന്നു കരണ്‍ പ്രതികരിച്ചത്. ‘ഇത് രാജ്യത്തിന് നഷ്ടമാണ്. (ഗുസ്തി) ഫെഡറേഷന്‍ ഇത് കണക്കിലെടുക്കുകയും എന്തുചെയ്യാനാകുമെന്ന് പരിശോധിക്കുകയും ചെയ്യും, ‘ യുപിയിലെ കൈസര്‍ഗഞ്ച് സീറ്റില്‍ നിന്നുള്ള ലോക്സഭാംഗമായ കരണ്‍ സിങ് പറഞ്ഞു.

ഒളിമ്പിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായിരുന്നു വിനേഷ് ഫോഗട്ട്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെയാണ് താരത്തെ ഇനത്തില്‍ അയോഗ്യയാക്കിയത്.

അതേസമയം, കഴിഞ്ഞ വര്‍ഷമായിരുന്നു വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയത്. വിവാദത്തിന് പിന്നാലെ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ഗുസ്തി ഫെഡറേഷന്‍ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അദ്ദേഹത്തിന്റെ മകനായ കരണിനെ മത്സരിപ്പിച്ച് വിജയിപ്പിക്കുകയായിരുന്നു.

ബ്രിജ് ഭൂഷണെ ഡബ്ല്യു.എഫ്.ഐ പ്രസിഡന്റായി നിയമിച്ചതിന് പിന്നാലെ 2016 ലെ റിയോ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ സാക്ഷി മാലിക് പ്രതിഷേധ സൂചകമായി വിരമിച്ചിരുന്നു.