ഫ്രാൻസിന് തിരിച്ചടി; കരീം ബെൻസേമ ശേഷിക്കുന്ന മത്സരങ്ങളിലും ഉണ്ടാകില്ല


ലോകകപ്പിന് മുൻപായി പരിക്കേറ്റ് പുറത്തായ കരീം ബെൻസേമ ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിലും ഉണ്ടാകില്ലെന്ന്ഉറപ്പായി. ടീമിലെ തന്റെ അഭാവത്തിനിടെ സൂപ്പർ താരം അവധി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഖത്തർ ലോകകപ്പ് ആരംഭിക്കുമ്പോൾ നിലവിലെ ചാമ്പ്യന്മാര്‍ക്കേറ്റ വലിയ തിരിച്ചടിയായിരുന്നു സ്റ്റാർ സ്ട്രൈക്കർ കരീം ബെൻസേമയുടെ പരിക്കും പിന്മാറ്റവും. എന്നാൽ പ്രതീക്ഷ നൽകി താരം തിരിച്ചെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വന്നത്.
ഇപ്പോൾ ടീമിന്റെ കൂടെ ഇല്ലാത്ത താരം ഫ്രാന്‍സില്‍ നിന്ന് അൽപ്പം ദൂരെയാണ് ഉള്ളത് . ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപായ ലാ റീയുണിയനാണ് വിശ്രമ കേന്ദ്രം. മാധ്യമ പ്രവർത്തകർ പരിശീലകൻ ദിദിയർ ദെഷാംസിനോട് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ചോദിച്ചപ്പോള്‍ സൂപ്പർ താരത്തിന്‍റെ തിരിച്ചുവരവിനെ കുറിച്ച് വ്യക്തമായ മറുപടി അദ്ദേഹം നൽകിയില്ല.
തനിക്ക് കൂടെയില്ലാത്ത ബെൻസേമയെ കുറിച്ചല്ല, ടീമിലുള്ള 24 പേരെ കുറിച്ച് മാത്രമാണ് ഇപ്പോൾ ശ്രദ്ധ എന്നാണ് ദെഷാംസിന്‍റെ വാക്കുകൾ. ഫ്രാൻസിന്‍റെ ലോകകപ്പ് ടീം ലിസ്റ്റിൽ നിന്ന് ബെൻസേമയെ ഇപ്പോഴും കോച്ച് ഒഴിവാക്കിയിട്ടില്ല. അതിനാൽ മൈതാനത്ത് ഇറങ്ങിയില്ലെങ്കിലും, ഫ്രാൻസ് കപ്പടിച്ചാൽ ബെൻസേമയ്ക്കും അത് ഏറ്റുവാങ്ങാം.