ശ്രീലങ്ക 73ന് ഓൾ ഔട്ട്; ഇന്ത്യയ്ക്ക് 317 റണ്‍സിന്റെ കൂറ്റന്‍ജയം
ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിന്റെ കൂറ്റന്‍ജയം. ഈ ജയത്തോടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. തിരുവനന്തപുരം കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക വെറും 22 ഓവറില്‍ 73ന് എല്ലാവരും പുറത്തായി.
നാല് വിക്കറ്റുകളുമായി മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ എറിഞ്ഞു തകര്‍ത്തത്. 19 റൺസുമായി നുവാനിഡു ഫെര്‍ണാണ്ടോയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.കളിയിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വിരാട് കോലി (പുറത്താവാതെ 166), ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
രണ്ടാം ബാറ്റിംഗില്‍ ശ്രീലങ്ക ആറിന് 39 എന്ന നിലയിലേക്ക് വീണിരുന്നു. ആദ്യം തന്നെ സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സുള്ളപ്പോള്‍ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെ (1) നഷ്ടമായി. സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ ഗില്ലിന് ക്യാച്ച്. മൂന്നാമനായി എത്തിയ കുശാല്‍ മെന്‍ഡിസിന് (4) ഏഴ് പന്ത് മാത്രമായിരുന്നു ആയുസ്. ലങ്കയുടെ ആദ്യ ആറ് താരങ്ങളില്‍ ഇരട്ടയക്കം ഏക ബാറ്ററായ നുവാനിഡു ഫെര്‍ണാണ്ടോയെ (19) സിറാജ് ബൗള്‍ഡാക്കി.
പിന്നാലെ വാനിന്ദു ഹസരങ്കയ്ക്കും (1) ഇതുതന്നെയായിരുന്നു അവസ്ഥ. ചാമിക കരുണാരത്‌നെ (1) റണ്ണൗട്ടായി. ദസുന്‍ ഷനകയെ (11) കുല്‍ദീപ് യാദവ് ബൗള്‍ഡാക്കി. പിന്നീടെത്തിയവരില്‍ കശുന്‍ രജിത (13) മാത്രമാണ് രണ്ടക്കം കണ്ടത്. ദുമിത് വെല്ലാലഗെ (3), ലാഹിരു കുമാര (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇന്ത്യയ്ക്കായി സിറാജിന് പുറമെ മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.