കെ- റെയിൽ കർണാടകയിലേക്ക് നീട്ടുമെന്ന ചർച്ച കർണാടക സർക്കാർ അറിഞ്ഞിട്ടുപോലുമില്ല: കെ സുരേന്ദ്രൻ
കേരളാ സർക്കാർ പദ്ധതിയായ കെ- റെയിൽ കാസർകോട് നിന്നും കർണാടകയിലേക്ക് നീട്ടുമെന്ന വാർത്ത തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ റെയിൽ പദ്ധതി മംഗലാപുരം വരെ നീട്ടുന്നു എന്നുള്ള ചർച്ച കർണാടക സർക്കാർ അറിഞ്ഞിട്ടുപോലുമില്ലെന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പി ആർ വര്‍ക്കിന്റെ ഭാഗമാണെന്നും സുരേന്ദ്രൻആരോപിച്ചു.
സതേൺ സ്റ്റേറ്റുകളുടെ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ വന്ന ശേഷമാണ് പൊടുന്നനെ ഇത്തരമൊരു വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടത്. ‘കെ-റെയില്‍ മംഗലാപുരത്തേക്ക് നീട്ടുന്നു’ എന്ന്. മംഗലാപുരത്തേക്ക് നീട്ടിയതുകൊണ്ട് കര്‍ണാടകയ്‌ക്കെന്താണ് ഗുണം?. പിന്നീട് ചര്‍ച്ച ചെയ്യുമെന്നാണ് വാര്‍ത്തകള്‍. ഇങ്ങനെ വാര്‍ത്തകള്‍ വരുന്നതിന് കര്‍ണാടക സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും സുരേന്ദ്രൻ പറയുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ കെ-റെയില്‍ നടപ്പാകുമോ ഇല്ലയോ എന്ന് പറയേണ്ടത് കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ്. അവരുടെ നിലപാട് വളരെ വ്യക്തമായി രാജ്യസഭയിലും കേരള ഹൈക്കോടതിയിലും പറഞ്ഞിട്ടുണ്ട്. അതിൽ നിന്നും മറ്റെന്തെങ്കിലും മാറ്റമുള്ളതായി യാതൊരു അറിവുമില്ല. എല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.