ആർഎസ് എസിനെ നിരോധിക്കുമെന്ന് കർണാടക സർക്കാർ പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി സിദ്ധരാമയ്യ
ആർ.എസ്.എസിനെ നിരോധിക്കുമെന്ന് കർണാടക സർക്കാർ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സദാചാര പൊലീസിങ് നടത്തുന്ന സംഘടന ഏതാണെങ്കിൽ നിരോധിക്കാൻ തങ്ങൾക്ക് ഒരു മടിയുമില്ല. അത് ആർ.എസ്.എസോ ബജ്‌റംഗ്ദളോ മറ്റേത് വർഗീയ സംഘടനയാണെങ്കിൽ അങ്ങനെത്തന്നെയാണെന്നും എന്ന മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വലിയ ചർച്ചയായ സാഹചര്യത്തിലാണ് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്.
സമൂഹത്തിൽ സമാധാനവും സഹവർത്തിത്വവും തകർക്കുന്ന രീതിയിൽ എതൊരു സംഘടനക്കെതിരെ ശക്തമായ നടപടിയുണ്ടാകും. എന്നാൽ ആർ.എസ്.എസ് നിരോധനത്തെക്കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു
സംസ്ഥാനത്തെ മുൻ ബി ജെ പി സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ തങ്ങൾ മാറ്റുമെന്നും ഏതെങ്കിലും വ്യക്തികളോ സംഘടനകളോ സമാധാനത്തിന് ഭീഷണിയാവുകയോ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്താൽ അവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാരിന് ശേഷിയുണ്ടെന്നും പ്രിയങ്ക് ഖാർഗെ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, ഖാർഗെയുടെ ഈ പ്രസ്താവനയോട് ശക്തമായ ഭാഷയിലാണ് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചത്. ആർ.എസ്.എസിനെ നിരോധിക്കാനുള്ള ശേഷിയുണ്ടെങ്കിൽ ചെയ്ത് കാണിക്കൂ എന്നായിരുന്നു മുൻ മുഖ്യമന്ത്രി ബസവാജ് ബൊമ്മെയുടെ വെല്ലുവിളി.