അറസ്റ്റ് ഇല്ലെന്ന് എസ്എഫ്ഐഒ; കർണാടക ഹൈക്കോടതി എക്‌സാലോജിക്കിന്റെ ഹർജി വിധി പറയാൻ മാറ്റി

single-img
14 February 2024

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജിക് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി വിധി പറയാന്‍ മാറ്റി. എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ എക്സാലോജിക്കിനോട് കോടതി നിര്‍ദേശിച്ചു. ഈ രേഖകള്‍ ഹാജരാക്കാന്‍ എക്സാലോജിക്ക് സാവകാശം ആവശ്യപ്പെട്ടതോടെ ഫെബ്രുവരി 15 വരെ കോടതി സമയം നല്‍കി. വിഷയത്തില്‍ വിശദമായി വാദംകേട്ട കോടതി, അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നുണ്ടോയെന്ന് എസ്എഫ്ഐഒയുടെ അഭിഭാഷകനോട് ചോദിച്ചു. അറസ്റ്റുണ്ടാകില്ലായെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്ന് എസ്എഫ്ഐഒ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം , രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെയും എസ്എഫ്ഐഒയുടെയും അന്വേഷണം ഒരുമിച്ച് നടക്കുന്നതില്‍ പൊരുത്തക്കേടുണ്ടെന്നും ചട്ടവിരുദ്ധമാണെന്നും എക്സാലോജിക്കിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

എക്സാലോജിക് സൊല്യൂഷന്‍സിന്റെ ആസ്ഥാനം ബെംഗളൂരുവില്‍ ആയതിനാലാണ് കര്‍ണാടക ഹൈക്കോടതിയില്‍ കമ്പനി ഹര്‍ജി സമര്‍പ്പിച്ചത്. എസ്.എഫ്.ഐ.ഒ. ഡയറക്ടറും കേന്ദ്ര സര്‍ക്കാരുമാണ് ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍. എക്സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷനുകീഴിലെ സി.എം.ആര്‍.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് അന്വേഷിക്കാനാണ് സംഘം കേരളത്തിലെത്തിയത്. കൂടാതെ, ആലുവയിലെ സി.എം.ആര്‍.എല്‍. ഓഫീസിലും സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കെ.എസ്.ഐ.ഡി.സിയിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.