ദീപാവലി സമ്മാനമായി ഒരു ലക്ഷം രൂപയും സ്വര്‍ണവും വെള്ളിയും; കര്‍ണാടക ടൂറിസം മന്ത്രി വിവാദത്തിൽ
തന്റെ നിയോജക മണ്ഡലത്തില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് വളരെ വിലകൂടിയ ദീപാവലി സമ്മാനങ്ങള്‍ നല്‍കിയ കര്‍ണാടക ടൂറിസം മന്ത്രി ആനന്ദ് സിംഗ് വിവാദത്തില്‍. മണ്ഡലത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കും വിതരണം ചെയ്ത സമ്മാനപ്പെട്ടികളാണ് ചര്‍ച്ചയായത്.
മന്ത്രി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്ക് അയച്ച സമ്മാനപ്പെട്ടിയില്‍ ഒരു ലക്ഷം രൂപയും 144 ഗ്രാം സ്വര്‍ണവും ഒരു കിലോ വെള്ളിയും പട്ടുസാരിയും മുണ്ടും ഡ്രൈ ഫ്രൂട്ട് ബോക്‌സും ഉണ്ടായിരുന്നു. എന്നാൽ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്ക് പണവും സ്വര്‍ണവും ഒഴികെയുള്ള സാധനങ്ങളാണ് ലഭിച്ചത്.
സമ്മാനങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ സിംഗ് വിമർശനങ്ങളുടെ കേന്ദ്രമായി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിവാദം. തിരഞ്ഞെടുക്കപ്പെട്ട 35 അംഗങ്ങളും അഞ്ച് നോമിനേറ്റഡ് അംഗങ്ങളും ഉള്ള ഒരു മുനിസിപ്പൽ കോർപ്പറേഷനും 182 അംഗങ്ങളുള്ള 10 ഗ്രാമപഞ്ചായത്തുകളും അടങ്ങുന്നതാണ് ഹൊസപേട്ട മണ്ഡലം