കരുവന്നൂർ കളളപ്പണക്കേസ്; സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി


കരുവന്നൂർ കളളപ്പണക്കേസിൽ കേന്ദ്ര ഏജൻസിയായ ഇഡിയുടെ നിര്‍ണായക നടപടി. സിപിഎമ്മിന്റെ സ്ഥലം ഉൾപ്പെടെ 29 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമടക്കമാണ് ഇഡി കണ്ടുകെട്ടിയത്.
കേസിൽ സിപിഎമ്മിനെക്കൂടി പ്രതി ചേർത്താണ് ഇഡി അന്വേഷണ സംഘം സ്വത്തുക്കൾ കണ്ടുകെട്ടിയത്. കേസുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തുമരവിപ്പിക്കലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റേത്. 29 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. കണ്ടുകെട്ടിയതിൽ അധികവും ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ് .
കളളപ്പണ ഇടപാടിൽ സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ അറിലും ഇടപാടിൽ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പാർടി സ്വത്തുക്കൾകൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെന്‍റ് കടന്നത്.