ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിക്കുന്നു; കെ സുരേന്ദ്രനെതിരെ കാസർകോട് ബിജെപി പ്രവർത്തകരുടെ പോസ്റ്റർ

single-img
21 October 2022

ആഭ്യന്തര ഭിന്നതകൾ അവസാനിച്ചിട്ടില്ല എന്ന സൂചനനൽകി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കാസർകോട് ജില്ലയിൽ വ്യാപകമായി പോസ്റ്റർ. കെ സുരേന്ദ്രൻ ജില്ലയിലേക്ക് എത്തുന്ന ദിവസമാണ് രൂക്ഷ വിമർശനവുമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

നഗരത്തിലും , കുമ്പള, കറന്തക്കാട്, സീതാംഗോള ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പാർട്ടിയുടെ ബലിദാനികളെ അപമാനിച്ച നേതാക്കളെ സുരേന്ദ്രൻ സംരക്ഷിക്കുന്നുവെവെന്നും കന്നടയിലും മലയാളത്തിലുമുള്ള പോസ്റ്ററിൽ പറയുന്നു.

പോസ്റ്റർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്ന് അതിരാവിലെ സുരേന്ദ്രൻ അനുകൂലികൾ പോസ്റ്റർ നീക്കം ചെയ്തു.സുരേന്ദ്രൻ വിഭാഗക്കാരായ മുൻ ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, മണികണ്ഠ റൈ, സുരേഷ് ഷെട്ടി തുടങ്ങിയ നേതാക്കൾ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ മാസങ്ങളായി പ്രതിഷേധത്തിലാണ്.