നെഹ്റുവിൻ്റെ പിഴവ് കാരണം കശ്‌മീർ ആകെ നശിച്ചിരിക്കുകയായിരുന്നു; ശരിയാക്കിയത് മോദി: അമിത് ഷാ


ജമ്മു കശ്‌മീരിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചെയ്ത പിഴവ് ശരിയാക്കിയത് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്റു കാശ്‌മീരിനായി കൊണ്ടുവന്ന ഭരണഘടനാ അനുഛേദം 370 ഉള്ളതിനാൽ അവിടെ ആകെ നശിച്ചിരിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ 370 എടുത്തുകളഞ്ഞ പ്രധാനമന്ത്രി കശ്‌മീരിനെ പൂർണമായും രാജ്യത്തോട് ചേർത്തു എന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ഗുജറാത്തിൽ ഇന്ന് നടന്ന ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
“ഭരണഘടനയിൽ കാശ്‌മീരിനായി അനുഛേദം 370 കൊണ്ടുവന്ന ജവഹർലാൽ നെഹ്റുവിൻ്റെ പിഴവ് കാരണം കശ്‌മീർ ആകെ നശിച്ചിരിക്കുകയായിരുന്നു. കശ്‌മീരിനെ വേണ്ട വിധം രാജ്യത്തോട് ചേർക്കാൻ കഴിയുന്നില്ലായിരുന്നു. അതുകൊണ്ടുതന്നെ ഭരണഘടനയിൽ നിന്നും അത് നീക്കാൻ എല്ലാവരും ആഗ്രഹിച്ചു.
ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി അത് എടുത്തുകളയുകയും കശ്‌മീരിനെ പൂർണമായും രാജ്യത്തോട് ചേർക്കുകയും ചെയ്തു.”- അമിത് ഷാ പറഞ്ഞു.