ഒരു സുപ്രഭാതത്തിൽ വന്ന ആളല്ല മല്ലികാർജുൻ ഖാർഗെ; ശശി തരൂരിനെതിരെ ഒളിയമ്പുമായി കെ സി വേണുഗോപാൽ

single-img
1 October 2022

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് എതിരെ മത്സരിക്കുന്ന ശശി തരൂരിനെതിരെ ഒളിയമ്പുമായി കെ സി വേണുഗോപാൽ. ഖാർഗെ വലിയ നേതാവാണെന്നും, ഒരു സുപ്രഭാതത്തിൽ വന്നയാളല്ല അദ്ദേഹമെന്നും കെ.സി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കോൺഗ്രസിന്റെ കടുത്ത വിമർശകൻ ആയിരുന്ന ശശി തരൂർ തിരുവനന്തപുരം പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ 2009 ൽ മാത്രമാണ് കോൺഗ്രസിൽ ചേർന്നത്. ഇത് പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ഒരു സുപ്രഭാതത്തിൽ വന്ന ആളല്ല മല്ലികാർജുൻ ഖാർഗെ എന്ന പരാമർശം കെ സി വേണുഗോപാൽ നടത്തിയത് എന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധിയുടെ കുടുംബം പിന്തുണക്കുന്ന സ്ഥാനാർഥിയാണ് ഖാർഗെ.

അതെ സമയം കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്‌ടോബർ 17ന് നടക്കാനിരിക്കെ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു. ഒരു വ്യക്തി, ഒരു പദവി എന്ന പാർട്ടി നിലപാട് പരിഗണിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം നിലവിലെ അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു.

80കാരനായ ഖാർഗെക്ക് ഗാന്ധി കുടുംബത്തിന്റെയും മിക്ക നേതാക്കളുടെയും പിന്തുണയുള്ളതിനാൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. അങ്ങനെയെങ്കിൽ 25 വർഷത്തിനിടയിൽ കോൺഗ്രസിനെ നയിക്കുന്ന ഗാന്ധി കുടുംബമല്ലാത്ത അധ്യക്ഷനെന്ന സ്ഥാനം ഖാർഗെക്ക് ലഭിക്കും.