പതിവുകൾ തെറ്റിക്കുന്നു ; താഴെ തട്ടിലുള്ള വോട്ടർമാരെ നേരിൽ കണ്ട് സംവദിക്കാൻ കെ സി വേണുഗോപാൽ

single-img
17 April 2024

തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ പതിവു രീതികള്‍ ഉപേക്ഷിച്ച് വോട്ടര്‍മാരെ നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങളും പരിഭവങ്ങളും അടുത്തറിഞ്ഞാണ് ആലപ്പുഴയിൽ യുഡിഎഫ് പ്രതിനിധി കെസി വേണുഗോപാലിന്‍റെ പ്രചാരണം.

മറ്റുള്ളവർ ചെയ്യുന്നപോലെ റോഡ് ഷോ, വലിയ പൊതുപരിപാടി എന്നിവയ്ക്ക് പകരം താഴെ തട്ടിലുള്ള വോട്ടർമാരെ നേരിൽ കണ്ട് സംവദിക്കാനാണ് കെ.സി വേണുഗോപാൽ മുൻതൂക്കം നൽകുന്നത് സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ, കർഷകർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള വോട്ടർമാർക്ക് സംഗമിക്കാൻ ഒരു വേദി ഒരുക്കി കെ സി വേണുഗോപാൽ നടത്തിയ സംഭാഷണ പരിപാടി ശ്രദ്ധേയമായി.

ഓരോ മേഖലയ്ക്കും അവരുടെ പരാതികളും ആവശ്യങ്ങളും പങ്കിടാൻ ഈ വേദി അവസരം ഒരുക്കുന്നു. ജനപങ്കാളിത്തത്തോടെയുള്ള ഈ സംരംഭം മണ്ഡലത്തിലുടനീളം സജീവമാക്കാനാണ് തീരുമാനം. തൊഴിലാളിവർഗം നേരിടുന്ന വെല്ലുവിളികൾ നേരിടാൻ യുഡിഎഫ് മുൻഗണന നൽകുമെന്ന് തൊഴിലാളികളുമായുള്ള സംവാദത്തിൽ വേണുഗോപാൽ ഉറപ്പുനൽകി.

വേതന വർധന, സഹകരണ സംരക്ഷണം, 25 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്, മണ്ഡലത്തിലെ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ സഹായ നടപടികൾ എന്നിവ അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതോടൊപ്പം സംയോജിത, സമ്മിശ്ര കൃഷി ചെയ്യുന്ന ദമ്പതികളായ വാണി-വിജിത്ത് ദമ്പതികളുടെ വിജയഗാഥയെ വേണുഗോപാൽ അഭിനന്ദിച്ചു. കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടും മിനിമം താങ്ങുവില നിയമവും നടപ്പാക്കുമെന്ന് യുവജനങ്ങളുമായും കർഷക സമൂഹവുമായും നടത്തിയ ചർച്ചയിൽ അദ്ദേഹം വാഗ്ദാനം ചെയ്തു.