കെസി വേണുഗോപാലിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവം ; ഒരാള്‍ അറസ്റ്റില്‍

18 April 2024

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റില്‍. ആലപ്പുഴ മുനിസിപ്പല്‍ സക്കറിയ വാര്‍ഡില്‍ തോട്ടുങ്കല്‍ പുരയിടം വീട്ടില്‍ നിഹാര്‍ (41) ആണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വട്ടപ്പള്ളി ഭാഗത്ത് സ്ഥാപിച്ചിരുന്ന അഞ്ചു തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളാണ് നിഹാര്‍ നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഹാറിനെ പിടികൂടിയത്.
രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കി സമൂഹത്തില്‍ കലഹമുണ്ടാക്കാന്‍ ശ്രമിച്ചതിനും ഇലക്ഷന്‍ പ്രചാരണ ബോര്‍ഡ് നശിപ്പിച്ച് നാശനഷ്ടം വരുത്തിയതിനുമാണ് നിഹാറിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.