കേരളം കേന്ദ്രത്തിനോട് അവകാശങ്ങള്‍ ചോദിക്കുന്നത് ഭിക്ഷ യാചിക്കുന്നതുപോലെ: വി മുരളീധരൻ

single-img
14 March 2024

കേരളം കേന്ദ്രസര്‍ക്കാരിനോട് ഭിക്ഷ യാചിക്കുന്നെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കേരളം കേന്ദ്രത്തോട് അവകാശങ്ങള്‍ ചോദിക്കുന്നത് ഭിക്ഷ യാചിക്കുന്നതുപോലെയാണെന്നാണ് അദ്ദേഹം ആക്ഷേപിച്ചത്. കേന്ദ്രത്തിന് മുന്നില്‍ യാചിച്ചുകിട്ടുന്ന പണം ഉപയോഗിച്ചാണ് കേരളം കാര്യങ്ങള്‍ നടത്തുന്നതെന്നും കൊല്ലം പ്രസ് ക്ലബ്ബിന്റെ ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

വെറും പത്തുദിവസം പോലും സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരും ധനമന്ത്രിയും സഹായത്തിനായി സുപ്രീം കോടതിയിലും യാചിക്കുകയാണ്. ഭിക്ഷയാചിച്ചാണ് കേന്ദ്രത്തോട് പണം ചോദിച്ചു വാങ്ങുന്നത്. കേരളത്തിന്റെ വാദമൊന്നും കോടതി അംഗീകരിച്ചിട്ടില്ല.

നിലവിൽ നൽകിയിട്ടുള്ള കേസ് പിന്‍വലിച്ചാല്‍ കേരളത്തെ സഹായിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. സംസ്ഥാനത്തെ ജനങ്ങള്‍ പട്ടിണികിടക്കേണ്ടെന്ന് കരുതിയാണ് കേന്ദ്രസര്‍ക്കാര്‍ സഹായിക്കാന്‍ തീരുമാനിച്ചത്. 5000 കോടി രൂപ തരാമെന്ന് പറഞ്ഞപ്പോള്‍ കേരളം വേണ്ടെന്ന് പറഞ്ഞത് വെല്ലുവിളിയാണെന്നും വി മുരളീധരന്‍ കൂട്ടിച്ചേർത്തു.